Connect with us

Kerala

ആംബുലന്‍സില്‍ യുവതിയെ പീഡിപ്പിച്ച കേസ്: പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കി

Published

|

Last Updated

പത്തനംതിട്ട | കൊവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച പ്രതിയായ ഡ്രൈവർ കായംകുളം  കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയില്‍ നൗഫലി(29)നെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കിയതായി ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. മൂന്നു ദിവസത്തേക്ക് കസ്റ്റഡയില്‍ വിട്ടുകിട്ടാനാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം, പ്രതിക്കെതിരേ നിലവില്‍ തട്ടിക്കൊണ്ടുപോകല്‍, കൈകൊണ്ടു പരുക്കേല്‍പ്പിക്കല്‍, സ്ത്രീകളെ അപമാനിക്കല്‍, അന്യായതടസം, ബലാത്സംഗം എന്നീ വകുപ്പുകള്‍ക്കുപുറമെ പട്ടികജാതി പട്ടികവര്‍ഗ പീഡനം തടയല്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

അടൂര്‍ ഡി വൈ എസ് പി. ആര്‍ ബിനുവാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. എസ്‌ ഐ, എ എസ്‌ ഐ, എസ്‌ സി പി ഒ, വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 11 പേരുടെ സംഘമാണ് അന്വേഷണം നടത്തിവരുന്നതെന്ന് ജില്ലാപോലീസ് മേധാവി പറഞ്ഞു. പ്രതിയെ ഡി ഐ ജി സഞ്ജയ്കുമാര്‍ ഗുരുഡിന്‍ ഞായറാഴ്ച വിശദമായി ചോദ്യം ചെയ്തതായും അന്വേഷണസംഘത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.

പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തുകയും എല്ലാ ശാസ്ത്രീയ തെളിവുകളും ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. കുറ്റമറ്റനിലയില്‍ അന്വേഷണം നടത്തി എത്രയുംവേഗം തന്നെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ആരോഗ്യപ്രവര്‍ത്തകരില്ലാതെ രോഗികളെ മാത്രമായി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് അയച്ച സാഹചര്യമുള്‍പ്പെടെയുള്ള എല്ലാകാര്യങ്ങളും ഉള്‍പ്പെടുത്തി അന്വേഷണം ഊർിതമാക്കിയിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണപരിധിയില്‍ വരുമെന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാനടപടികളും കൈക്കൊള്ളുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

കൊവിഡ് കാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കും. എല്ലാത്തരം അതിക്രമങ്ങളും തടയാനും അക്രമികള്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ കൈകൊള്ളുന്നതിനും കര്‍ശനനിര്‍ദേശം എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയതായും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. കൊവിഡ് ബാധിതയായ 19 കാരിയെ ചികില്‍സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകവെ 108 കനിവ് ആംബുലന്‍സിലിട്ട് ഡ്രൈവര്‍ മാനഭംഗപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ആറന്മുളയിലാണ് സംഭവം. പ്രതിയായ ആംബുലന്‍സ് െ്രെഡവറെ പോലീസ് അറസ്റ്റു ചെയ്തു.

കൊവിഡ് ബാതിതരായ രണ്ടു യുവതികളുമായി ആംബുലന്‍സില്‍ പോകുകയായിരുന്ന നൗഫല്‍ ഒരാളെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലിറക്കിയ ശേഷം 19 കാരിയുമായി ആറന്മുള വിമാനത്താവള ഭൂമിയിലേക്ക് പോകുകയായിരുന്നു. ഇവിടം വിജനമായ പ്രദേശമാണ്. ഇവിടെ വച്ചാണ് പീഡനത്തിനിരയാക്കിയത്. വിവരം ആരോടും പറയരുതെന്നും പുറത്തറിഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിമുഴക്കി. പിന്നീട് അവശനിലയിലായ യുവതിയെ പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയ്ക്ക് മുന്നില്‍ ഇറക്കി വിട്ട ശേഷം അടൂരിലേക്ക് പോവുകയായിരുന്നു. പെണ്‍കുട്ടിയുടെ അവശത കണ്ട് ആശുപത്രി അധികൃതര്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്.

---- facebook comment plugin here -----

Latest