Connect with us

Ongoing News

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഇനി ഡിജിറ്റൽ യുദ്ധം

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിയതോടെ ഡിജിറ്റൽ യുദ്ധത്തിനൊരുങ്ങി രാഷ്ട്രീയ പാർട്ടികൾ. നിയമസഭാ ഉപതിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് പ്രചാരണം കൊഴുപ്പിക്കാൻ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നത്. കൊവിഡ് ഭീഷണിയുള്ളതിനാൽ വീടുകൾ കയറിയും കവലയിലെ പ്രചാരണങ്ങളൊന്നും സാധ്യമല്ല.
വെർച്വൽ റാലി സംഘടിപ്പിച്ചും ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ കളം നിറച്ചുമാണ് പ്രചാരണം കൊഴുപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ ഒരുങ്ങുന്നത്. ഫേസ്ബുക്ക്, ട്വിറ്റർ, വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുന്നത്.
വികസന പ്രവർത്തനങ്ങളും പ്രാദേശിക പ്രശ്‌നങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ മനം കവരാൻ വേണ്ടി മുഖ്യധാരാ പാർട്ടികളെല്ലാം തന്ത്രങ്ങൾ മെനഞ്ഞ് തുടങ്ങിയിട്ടുണ്ട്. വികസന പ്രവർത്തനങ്ങൾ പ്രചാരണം നടത്തുന്നതിന് പുറമേ എതിരാളികളെ ട്രോൾ ചെയ്യാനുള്ള ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനോടൊപ്പം തിരഞ്ഞെടുപ്പിലും ശ്രദ്ധ ചെലുത്താൻ  അണികൾക്ക് മുഖ്യധാരാ പാർട്ടികൾ നിർദേശം നൽകിയിട്ടുണ്ട്.

സി പി എമ്മിൽ ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന ഭാരവാഹികള്‍ വരെ നവമാധ്യമങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനം നൽകി കഴിഞ്ഞു. 20 വീടുകൾക്ക് ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് സൃഷ്ടിക്കണമെന്നാണ് പാർട്ടി നിർദേശം. ഇതിൽ പാർട്ടി പ്രവർത്തകർക്ക് പുറമേ നിഷ്പക്ഷരേയും ഉൾപ്പെടുത്തണം. എല്ലാ ജില്ലകളിലും ജില്ലാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സ്റ്റുഡിയോ സജ്ജമായിട്ടുണ്ട്.

ബൂത്ത് തലം വരെയുള്ള സി പി എമ്മിന്റെ നവ മാധ്യമ സമിതികൾ ശക്തമാണ്. ബ്രാഞ്ച്, ജില്ലാ സംസ്ഥാന കമ്മിറ്റികൾ യോഗം ചേരുന്നത് ഓൺലൈൻ വഴിയാണ്. കൊവിഡ് കാലം തുടങ്ങിയതിന് ശേഷം അറുപത് ശതമാനത്തിലധികം നേതാക്കളും സാമൂഹിക മാധ്യമങ്ങളിൽ സജീവമായെന്നാണ് പാർട്ടി വിലയിരുത്തൽ.
കോൺഗ്രസിന്റെ ഐ ടി സെല്ലിനെ നിയന്ത്രിക്കുന്നത് ശശി തരൂർ എം പി യും അനിൽ ആന്റണിയുമാണ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഐ ടി സെൽ പുനഃസംഘടിപ്പിക്കാനും ബൂത്ത് തലം വരെയുള്ള കമ്മിറ്റികൾ ഉണ്ടാക്കാനുമാണ് ആദ്യ ഘട്ടത്തിൽ ശ്രമം നടക്കുന്നത്.

കെ പി സി സിയുടെ നേതൃത്വത്തിൽ വെബിനാർ സീരിസുകളും നടക്കുന്നുണ്ട്. വാട്‌സ് ആപ്പും ടെലിഗ്രാമും താഴെക്കിടയിൽ എത്തിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.

ജില്ലാ തലങ്ങളിൽ നവ മാധ്യമ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. കോൺഗ്രസിന്റെ നേതാക്കളെല്ലാം നവ മാധ്യമങ്ങളിൽ സജീവമാണ്. ഓൺ ലൈൻ പ്ലാറ്റ് ഫോമുകൾ കൈകാര്യം ചെയ്യുന്നതിനായി മുതിർന്ന നേതാക്കൾക്കൊപ്പം നല്ലൊരു ടീം തന്നെ പ്രവർത്തിക്കുന്നുണ്ട്.

ബി ജെ പിയും ഓൺലൈൻ പ്രവർത്തനങ്ങളിൽ സജീവമാണ്. ബൂത്ത് മുതൽ മണ്ഡലം വരെയുള്ള വാട്‌സ് ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകൾ തുടങ്ങുകയും ചെയ്തു. വെർച്വൽ റാലിക്കും തുടക്കം കുറിച്ചിട്ടുണ്ട്. സംസ്ഥാന തലങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും വെർച്വൽ റാലി സംഘിടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിൽ 15 പേരും ഓരോ ജില്ലയിലും ഏഴ് പേർ വീതവുമാണ് ബി ജെ പിയുടെ ഐ ടി സെല്ലിനെ നിയന്ത്രിക്കുന്നത്.

കൊവിഡ് കഴിഞ്ഞാലും ഓൺലൈൻ മേഖലയിൽ സ്വാധീനമുള്ളവർക്ക് മാത്രമേ രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളൂ. ഇതിനെ ഫലവത്തായി ഉപയോഗിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് ബി ജെ പി. ഐ ടി വിഭാഗം സംസ്ഥാന കോ- ഓർഡിനേറ്റർ സിജു ഗോപിനാഥ് പറഞ്ഞു.

പ്രചാരണ രീതി വിജയകരം:
പി രാജീവ് (സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം)

കൊവിഡ് കാലത്ത് സാമൂഹിക മാധ്യമങ്ങൾക്ക് സാധ്യതയുണ്ട്. പ്രചാരണ ക്യാമ്പയിനുകൾ വീടുകളിലിരുന്ന് കാണാനും കേൾക്കാനും മനസ്സിലാക്കാനും സാധിക്കുന്നു എന്നുള്ളതാണ് പ്രത്യേകത. അത് വിജയകരമായി സംഘടിപ്പിക്കാൻ സി പി എമ്മിന് സാധിക്കും. സാമൂഹിക മാധ്യമ പ്രചാരണ രീതി യുവാക്കളെ കൂടുതൽ ആകർഷിക്കും.

ഇപ്പോൾ സി പി എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പ്രതിവാര പഠന പരിപാടി എന്ന പേരിൽ വിപുലമായ ക്ലാസ് എല്ലാ ശനിയാഴ്ചകളിലും ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ നിന്ന് നല്ല പ്രതികരണമണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.


സാമൂഹിക മാധ്യമം താഴെക്കിടയിലെത്തിച്ചു

അനിൽ ആന്റണി (കോൺഗ്രസ് ഐ ടി സെല്ല് കണ്‍വീനര്‍)

ഡിജിറ്റൽ ശക്തമല്ലാത്ത പാർട്ടിക്ക് ഇക്കാലത്ത് വിജയിക്കാൻ സാധ്യമല്ല. ഡിജിറ്റൽ സംസ്‌കാരമുള്ള നാടാണ് നമ്മുടെ കേരളം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ കോൺഗ്രസ് പ്രചാരണത്തിന് മുൻതൂക്കം നൽകുന്നത്. ഇതിന് താഴെക്കിടയിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നുണ്ട്.

മിഡിൽ ഈസ്റ്റിലും സംസ്ഥാനത്തും വളണ്ടിയർമാരുടെ ഡ്രൈവ് സംഘടിപ്പിച്ചു. യുവതലമുറ വാർത്തകളും വിവരങ്ങളുമെല്ലാം അറിയുന്നത് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെയാണ്.

 

Latest