Connect with us

National

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്നു വേട്ട; വിദേശികളടക്കം ഏഴു പേര്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 48 കോടി രൂപയോളം വില വരുന്ന ഹെറോയിന്‍ ആണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) ഇന്നലെ പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു ആഫ്രിക്കന്‍ സ്വദേശിയും മ്യാന്‍മറില്‍ നിന്നുള്ള സ്ത്രീയുമടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് യാത്രാ വിമാന സര്‍വീസുകള്‍ നിയന്ത്രിതമായതിനെ തുടര്‍ന്ന് കൊറിയര്‍ സര്‍വീസ് വഴിയാണ് മയക്കുമരുന്ന് കള്ളക്കടത്ത് നടന്നുവന്നതെന്ന് എന്‍ സി ബി അറിയിച്ചു.

ഈ മാസത്തിന്റെ തുടക്കത്തില്‍ കൊറിയര്‍ വഴിയെത്തിയ 970 ഗ്രാം ഹെറോയിനടങ്ങിയ പാഴ്സല്‍ എന്‍ സി ബി പിടിച്ചെടുത്തിരുന്നു. ഇതോടെ അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. മയക്കുമരുന്ന് ശൃംഖലയില്‍ പെട്ടവരെ കണ്ടെത്താന്‍ ഡമ്മി പാഴ്സല്‍ പകരമയച്ചു. ഇതിലൂടെ മഹിപാല്‍പൂരിലെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന അഞ്ചുപേരിലേക്ക് അന്വേഷണ സംഘം എത്തിച്ചേരുകയും 980 ഗ്രാം ഹെറോയിന്‍ കൂടി പിടികൂടുകയുമായിരുന്നു.
പാഴ്സല്‍ കൈപ്പറ്റാനെത്തിയ മ്യാന്‍മര്‍ യുവതിയിലൂടെയാണ് സംഘത്തിലെ ആഫ്രിക്കക്കാരനിലെത്തിയത്. പിടിയിലായ മ്യാന്‍മര്‍ യുവതി ആഫ്രിക്കന്‍ സ്വദേശിക്കു വേണ്ടി വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകളും ബേങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നതായും എന്‍ സി ബിയുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Latest