Connect with us

Editorial

അതിര്‍ത്തിയില്‍ യുദ്ധഭീതി ഒഴിയുന്നില്ല

Published

|

Last Updated

ഇന്ത്യ- ചൈന അതിര്‍ത്തി ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത വിധം സംഘര്‍ഷഭരിതമാണ്. ചൈന നിരന്തരം പ്രകോപനം തുടരുന്നു. ജൂണില്‍ 20 സൈനികര്‍ കൊല്ലപ്പെട്ട ലഡാക്കിലെ പാന്‍ഗോംഗ് തടാകക്കര കേന്ദ്രീകരിച്ചാണ് പുതിയ സംഘര്‍ഷം രൂപപ്പെടുന്നത്. ഇന്ത്യ വന്‍ സൈനിക സന്നാഹം അതിര്‍ത്തിയില്‍ നടത്തുന്നുണ്ട്. കര, വ്യോമ സേനാ മേധാവികള്‍ പ്രദേശത്ത് നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. ഏറ്റവും ആധുനികമായ വെടിക്കോപ്പുകളും സൈനിക വാഹനങ്ങളും സജ്ജമാക്കി നിര്‍ത്തി ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ചൈനയും ഗൂഢമായ നീക്കങ്ങള്‍ നടത്തുകയാണ്. ഏത് നിമിഷവും ഏറ്റുമുട്ടല്‍ ഉണ്ടാകാമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കൊവിഡ് മഹാമാരിയില്‍ ഉഴലുന്ന രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ജി ഡി പി നഷ്ടത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. തൊഴിലില്ലായ്മ രൂക്ഷമാണ്. സമ്പദ് വ്യവസ്ഥയുടെ നിശ്ചലത മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളൊന്നും ഫലപ്രദമായിട്ടില്ല. സ്വകാര്യവത്കരണ നടപടികള്‍ മാത്രമാണ് സര്‍ക്കാറിന്റെ കൈയിലുള്ള നടപടിയെന്ന് തോന്നുന്നു. ഈ ഘട്ടത്തില്‍ അതിര്‍ത്തിയില്‍ ഒരു യുദ്ധമുണ്ടാകുകയെന്നത് ചിന്തിക്കാന്‍ സാധിക്കാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ സംയമനത്തിന്റെ വഴിയാണ് ഇന്ത്യ സ്വീകരിക്കുന്നത്. അത് ദൗര്‍ബല്യമല്ല. മറിച്ച് ഉത്തരവാദിത്വമാണ്. രാജ്യത്തിന്റെ പാരമ്പര്യം യുദ്ധോത്സുകമല്ല. ഇപ്പോള്‍ ഭരിക്കുന്നവര്‍ തീവ്ര ദേശീയതയില്‍ അധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രം കൈകാര്യം ചെയ്യുന്നവരാണെങ്കിലും ചൈനയുടെ കാര്യത്തില്‍ സംയമനം പാലിക്കുന്നുണ്ട്. 20 മനുഷ്യരെ നഷ്ടപ്പെട്ട കടന്നാക്രമണത്തിന് ശേഷവും പ്രധാനമന്ത്രി പ്രതികരിച്ചത് ചൈന ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നു കയറിയിട്ടില്ല എന്ന നിലയിലായിരുന്നുവല്ലോ.

പിന്നീട് കമാന്‍ഡർ തലത്തിലും മറ്റും നിരന്തരം ചര്‍ച്ച നടത്തുകയും ഇരു പക്ഷവും പിന്‍മാറ്റം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പിന്‍മാറ്റം പൂര്‍ണമായിട്ടില്ലെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം 29, 30, 31 തീയതികളില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വലിയ തോതിലുള്ള അതിക്രമം നടത്തിയെന്ന് സൈന്യം വ്യക്തമാക്കുകയുണ്ടായി. ഇന്ത്യന്‍ സൈനികര്‍ തക്ക സമയത്ത് നടത്തിയ ചെറുത്ത് നില്‍പ്പ് ഈ നീക്കം പരാജയപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. രാത്രിയിലാണ് ടാങ്കുകളെയും വന്‍ തോതില്‍ സൈനികരെയും യഥാര്‍ഥ നിയന്ത്രണ രേഖയോട് (എല്‍ എ സി) ചേര്‍ന്ന് ചൈനീസ് ലിബറേഷന്‍ ആര്‍മി വിന്യസിച്ചത്. ഈയിടെ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ധാരണക്ക് വിരുദ്ധമാണിത്. ആത്മവിശ്വാസം ഉയര്‍ത്താനുള്ള നടപടികളുടെ ഭാഗമായി രാത്രിയിലെ സൈനിക നീക്കം ഉപേക്ഷിച്ചിരുന്നു. ബഫര്‍ സോണ്‍ ഉണ്ടാക്കുന്നതില്‍ വിജയിച്ചുവെങ്കിലും സൈനിക പിന്‍മാറ്റം പൂര്‍ണമായിട്ടില്ലെന്നാണ് അതിര്‍ത്തിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.

ഈ സന്ദിഗ്ധാവസ്ഥ മറികടക്കാന്‍ ഉന്നത തലത്തില്‍ നടന്ന ചര്‍ച്ചകള്‍ പോലും ഉപകരിച്ചില്ലെന്നതാണ് ഏറ്റവും ദുഃഖകരമായ കാര്യം. ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാര്‍ ഷാംഗ്ഹായി ഉച്ചകോടിയോട് അനുബന്ധിച്ച് മോസ്‌കോയില്‍ ചര്‍ച്ച നടത്തിയതും വലിയ ഗുണഫലം ഉണ്ടാക്കിയിട്ടില്ല. രണ്ടര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രി വീ ഫെംഗ്ഹെയും മുന്‍ നിലപാടില്‍ ഉറച്ചുനിന്നെന്നാണ് വിവരം. ഇരു വിഭാഗം സൈന്യവും മുഖാമുഖം നിലയുറപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധ മന്ത്രിമാര്‍ നേരിട്ടുള്ള ചര്‍ച്ചക്ക് തയ്യാറായത്. പഴയ സ്ഥിതിയിലേക്ക് തിരിച്ചുപോകണമെന്ന് ധാരണയിലെത്തിയെങ്കിലും ഇതിലും ഭിന്നത നിലനില്‍ക്കുന്നുണ്ട്. മെയില്‍ ഉണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിക്കാമെന്ന് ചൈന പറയുമ്പോള്‍, ഏപ്രിലിലെ സ്ഥിതിയിലേക്ക് തിരിച്ചുപോകണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

സൈനിക, നയതന്ത്ര ചര്‍ച്ചകളുടെ ഫലമായി സൈനിക പിന്മാറ്റം, സൈനിക വിന്യാസം കുറക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ജൂലൈ പകുതിക്ക് ശേഷം ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഇതിന്റെ തെളിവാണ് ഇന്നലെ ചൈനീസ് ഔദ്യോഗിക മാധ്യമം നടത്തിയ വെല്ലുവിളി. യുദ്ധം ആരംഭിച്ചാല്‍ ഇന്ത്യ വിജയിക്കാന്‍ സാധ്യതയില്ലെന്നാണ് ചൈനയുടെ അവകാശവാദം. ചൈനയുടെ സൈനിക ശേഷി ഇന്ത്യയേക്കാള്‍ ശക്തമാണെന്ന് ഇന്ത്യന്‍ പക്ഷത്തെ ഓര്‍മിപ്പിക്കണമെന്ന് ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റോറിയല്‍ പറയുന്നു. ഇന്ത്യയും ചൈനയും വന്‍ ശക്തികളാണെങ്കിലും ഒരു പോരാട്ടമുണ്ടായാല്‍ ഇന്ത്യ തോല്‍ക്കുമെന്നും എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഇന്ത്യയാണെന്നും പത്രം പറയുന്നു.

ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റോറിയല്‍ ചൈനയുടെ ഔദ്യോഗിക അഭിപ്രായമായി തന്നെയാണ് കണക്കാക്കാറുള്ളത്. അങ്ങനെ നോക്കുമ്പോള്‍ ഒരു പരിഷ്‌കൃത രാജ്യത്തിന് ഒട്ടും ചേരാത്ത വെല്ലുവിളിയാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. യുദ്ധത്തിലേക്ക് നീങ്ങണമെന്ന് ചൈന ആഗ്രഹിക്കുന്നത് പോലെയുണ്ട് ഈ അവകാശവാദം. ആ ഘട്ടത്തില്‍ ചര്‍ച്ചയുടെ സാധ്യതകള്‍ കൂടുതലായി തേടുക തന്നെയാണ് വേണ്ടത്. ആഗോള ബലാബലത്തില്‍ അമേരിക്കയുടെ എതിര്‍ ചേരിയില്‍ നിന്ന് മസില്‍ പെരുപ്പിക്കുന്ന ചൈനയേക്കാള്‍ ഇന്ത്യക്കാണ് ഉത്തരവാദിത്വമുള്ളത്. മോസ്‌കോയില്‍ രാജ്‌നാഥ് സിംഗുമായി ചര്‍ച്ചക്ക് ഇങ്ങോട്ട് താത്പര്യം പ്രകടിപ്പിച്ച ചൈനീസ് പ്രതിരോധ മന്ത്രി സ്വന്തം നാട്ടില്‍ തിരിച്ചെത്തും മുമ്പേ വെല്ലുവിളിയുടെ സ്വരം പുറപ്പെടുവിക്കുന്നു. ഈ ചൈനയില്‍ നിന്ന് എന്ത് സമവായമാണ് പ്രതീക്ഷിക്കുന്നത് എന്ന ചോദ്യമുയരാം. ഒരേസമയം പ്രതിരോധ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കുകയും ചര്‍ച്ചക്കുള്ള അവസരം പാഴാക്കാതിരിക്കുകയും ചെയ്യുകയെന്നതാണ് ഉത്തരം. പബ്ജിയടക്കം 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കൃത്യമായ സന്ദേശം ഇന്ത്യ നല്‍കിക്കഴിഞ്ഞു. മുഴുവന്‍ ചൈനീസ് ഉത്പന്നങ്ങളും ബഹിഷ്‌കരിക്കുകയെന്നത് പ്രായോഗികമാകില്ല. സാമ്പത്തിക ആശ്രിതത്വം ഏകപക്ഷീയമല്ല എന്നത് തന്നെയാണ് കാരണം. എന്നാല്‍ വിപണി നഷ്ടത്തിന്റെ മുന്നറിയിപ്പ് ചൈനക്ക് നല്‍കേണ്ടിയിരിക്കുന്നു. മേഖലയിലെ രാജ്യങ്ങളുമായി ഇന്ത്യ ഏറ്റവും ഊഷ്മളമായ ബന്ധം ഊട്ടിയുറപ്പിക്കുകയെന്നതും പ്രധാനമാണ്.