Connect with us

National

കനയ്യകുമാറിന്റെ പൗരത്വം റദ്ദാക്കണമെന്ന ഹരജി തള്ളി; ഹരജിക്കാരന് കോടതി കാല്‍ ലക്ഷം രൂപ പിഴ ചുമത്തി

Published

|

Last Updated

ലക്നൗ | ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. പൊതുജന ശ്രദ്ധ നേടുന്നതിന് വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹരജിയെന്ന് വിമര്‍ശിച്ച കോടതി ഹരജിക്കാരന് 25,000 രൂപ പിഴയും ചുമത്തി. കൊവിഡ് വ്യാപന സാഹചര്യത്തില്‍ പരിമിതമായ ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിനാണ് ഹര്‍ജിക്കാരന് കോടതി പിഴ വിധിച്ചത്.

2016ല്‍ കേന്ദ്രസര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി സമ്മേനത്തില്‍ ജെ എന്‍ യു യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന്ചൂണ്ടിക്കാട്ടി വരണാസി സ്വദേശിയായ നാഗേശ്വര്‍ മിശ്രയാണ് കോടതിയെ സമീപിച്ചത്.

ഹര്‍ജി യോഗ്യതയില്ലാത്തതും പൂര്‍ണമായും തെറ്റിദ്ധാരണയിലുള്ളതാണെന്നും കോടതി വിലയിരുത്തി. 1955 ഇന്ത്യന്‍ പൗരത്വ നിയമത്തിലെ പത്താം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് മിശ്രയുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൗരത്വം നല്‍കുന്ന സൗഹചര്യത്തില്‍ മാത്രമാണ് ഈ വകുപ്പ് ബാധകമെന്നും ജന്‍മംകൊണ്ട് ഇന്ത്യക്കാരനായ ഒരാള്‍ക്ക് ഇത് ബാധകമല്ലെന്നും ജസ്റ്റിസ് എസ് കെ ഗുപ്ത, ഷമീം അഹമ്മദ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.