ആംബുലന്‍സില്‍ യുവതിക്ക് പീഡനം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

Posted on: September 6, 2020 12:28 pm | Last updated: September 6, 2020 at 5:23 pm

പത്തനംതിട്ട | ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷന്‍. പത്തനംതിട്ട എസ് പിയോട് സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു. പ്രതിയെ അറസ്റ്റ് ചെയ്ത് കര്‍ശന നടപടി സ്വീകരിക്കാനും ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പീഡനത്തിനിരയായ യുവതിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ജോസഫൈന്‍ വ്യക്തമാക്കി. കൊവിഡ് രോഗികളായ സ്ത്രീകള്‍ക്ക് പ്രത്യേക സംരക്ഷണം വേണം. കൊവിഡ് കാലത്ത് സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെടുന്നവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഇത്തരക്കാരെ സേവനങ്ങള്‍ക്കായി നല്‍ക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു.