Connect with us

Kerala

മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്തു; ഏഴ് മുറിവുകള്‍ കൂടി കണ്ടെത്തി

Published

|

Last Updated

പത്തനംതിട്ട | ചിറ്റാര്‍ കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച പി പി മത്തായി (പൊന്നു-41) യുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്തു. സി ബി ഐ അന്വേഷണത്തിന്റെ ഭാഗമായ പോസ്റ്റുമോര്‍ട്ടത്തിനു മുന്നോടിയായി നടന്ന ഇന്‍ക്വസ്റ്റില്‍ നേരത്തെ രേഖപ്പെടുത്താതിരുന്ന ഏഴ് പുതിയ മുറിവുകള്‍ കൂടി കണ്ടെത്തി. കാല്‍മുട്ടിലെ ഒടിവും ചതവും ഉള്‍പ്പെടെയുള്ളതാണ് മുറിവുകള്‍. ഇടത് കൈമുട്ടിന് താഴെ പൊട്ടലുണ്ട്. തലയിലും മുറിവുകളുണ്ട്.

കഴിഞ്ഞ 38 ദിവസമായി റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെയാണ് പുറത്തെടുത്തത്. ബന്ധുക്കളില്‍ നിന്ന് സി ബി ഐ സംഘം മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചാണ് ഇന്‍ക്വസ്റ്റ് തയാറാക്കിയത്. 10.45ന് ജനറല്‍ ആശുപത്രിയില്‍ പത്തനംതിട്ട എ ഡി എം. അലക്സ് പി തോമസിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് ആരംഭിച്ചു.
സി ബി ഐ ഡി വൈ എസ് പിമാരായ ടി പി അനന്തകൃഷ്ണന്‍, ആര്‍ എസ് ഷെഖാവത്ത് എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. മത്തായിയുടെ കുടുംബാംഗങ്ങളുടെ പ്രതിനിധികള്‍, അഭിഭാഷകന്‍ എന്നിവരെയും പങ്കെടുപ്പിച്ചിരുന്നു.

രണ്ടുമണിക്കൂറിലധികം ഇന്‍ക്വസ്റ്റ് നീണ്ടുനിന്നു. ഉച്ചക്ക് 1.30ന് ഫോറന്‍സിക് വിദഗ്ധരായ ഡോ. പി ബി ഗുജറാള്‍, ഡോ. ഉന്‍മേഷ്, ഡോ. പ്രസന്നന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം ആരംഭിച്ചു. ഇത് മൂന്നര മണിക്കൂറിലധികം നീണ്ടു. പോസ്റ്റുമോര്‍ട്ടം നടക്കുമ്പോള്‍ മത്തായിയുടെ ഭാര്യ ഷീബാമോള്‍, സഹോദരന്‍ പി പി വില്‍സണ്‍ തുടങ്ങിയവരും ആശുപത്രിക്കു മുമ്പിലുണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇവര്‍ മൃതദേഹം ഏറ്റെടുത്തു. മത്തായിയുടെ മൃതദേഹം കണ്ടെത്തിയ ചിറ്റാര്‍ കുടപ്പനക്കുളത്തെ കിണര്‍ സി ബി ഐ ഉദ്യോഗസ്ഥരും പോസ്റ്റുമോര്‍ട്ടത്തിനു നേതൃത്വം വഹിച്ച സര്‍ജന്മാരും സന്ദര്‍ശിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴോടെ സ്ഥലത്തെത്തിയ സംഘം ബന്ധുക്കളുമായി സംസാരിച്ചു.