ഭക്തിയുടെ നിറവില്‍ വിശുദ്ധ കഅ്ബ കഴുകി

Posted on: September 4, 2020 11:42 pm | Last updated: September 4, 2020 at 11:42 pm

മക്ക | ഭക്തിയുടെ നിറവില്‍ ഈ വര്‍ഷത്തെ വിശുദ്ദ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ ചടങ്ങിന് നേതൃത്വം നല്‍കി. മസ്ജിദുല്‍ ഹറമിലെത്തിയ ഗവര്‍ണറെ ഇരുഹറം കാര്യമേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. പനിനീരും ഏറ്റവും മുന്തിയ ഊദ് അത്തറും മറ്റ് സുഗന്ധ്രദ്യവ്യങ്ങളും ചേര്‍ത്ത് പ്രത്യേകം തയാറാക്കിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബയുടെ ഉള്‍ഭാഗം കഴുകിയത്. ഈ മിശ്രിതം ഉപയോഗിച്ചു തന്നെ ഉള്‍വശത്തെ ചുമരുകളും തുടച്ചു.

കഴുകല്‍ ചടങ്ങ് പൂര്‍ത്തിയാക്കിയ ശേഷം ഗവര്‍ണറും മുതിര്‍ന്ന ഉദ്യോഗസ്ഥരും ത്വവാഫും രണ്ട് റകഅത്ത് സുന്നത്ത് നിസ്‌കാരവും നിര്‍വഹിച്ച ശേഷമാണ് ഹറമില്‍ നിന്നും മടങ്ങിയത്. ഹറം കാര്യാലയ മേധാവി മക്ക ഗവര്‍ണര്‍ക്ക് പ്രത്യേക ഉപഹാരവും സമ്മാനിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് ഈ വര്‍ഷത്തെ ചടങ്ങുകള്‍ നടന്നത്. എല്ലാ വര്‍ഷവും മുഹര്‍റം , ശഅബാന്‍ മാസങ്ങളിലാണ് പരിശുദ്ധ കഅ്ബാലയം കഴുകല്‍ ചടങ്ങ് നടക്കാറുള്ളത്.