അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ; പരിഹാരം തേടി ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന്

Posted on: September 4, 2020 9:37 pm | Last updated: September 5, 2020 at 12:47 am

ന്യൂഡല്‍ഹി | ലഡാക്കിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന് രാത്രി 9.30ന് നടക്കും. മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ് സി ഒ) മന്ത്രിതല സമ്മേളനത്തിനിടെയാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വീ ഫെംഗെയുമായി ചര്‍ച്ച നടത്തുക. 2020 മേയില്‍ കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ തത്സ്ഥിതി തുടരാന്‍ ചൈന തീരുമാനിച്ച ശേഷം ഇതാദ്യമായാണ് ഇരു രാഷ്ട്രങ്ങളും തമ്മില്‍ പ്രബലമായ ചര്‍ച്ചക്ക് അരങ്ങൊരുങ്ങുന്നത്.

ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ ആര്‍മിയും ചൈനയുടെ പീപ്പിള്‍സ് ആര്‍മിയും ശക്തമായ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിലവിലെ സംഘര്‍ഷാവസ്ഥക്ക് പരിഹാരം കാണുകയാണ് ചര്‍ച്ചയിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.