മയക്കുമരുന്ന് കേസ്: കന്നഡ നടി രാഗിണി ദ്വിവേദി അറസ്റ്റില്‍

Posted on: September 4, 2020 8:29 pm | Last updated: September 5, 2020 at 12:47 am

ബെംഗളുരു | മയക്കു മരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദി അറസ്റ്റില്‍. ഇന്ന് രാവിലെ ആറിന് വസതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം എട്ട് മണിക്കൂറോളം ചോദ്യം ചെയ്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഗിണിയുടെ വീട്ടില്‍ റെയ്ഡും നടത്തിയിരുന്നു. രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ബംഗളൂരുവിലെ ലഹരി മരുന്ന് മാഫിയയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻെറ മകൻ ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന വിവാദങ്ങൾക്കിടയിലാണ് ബംഗളൂരുവിൽ റെയഡും അറസ്റ്റും നടക്കുന്നത്.

രവിശങ്കര്‍ നടത്തിയ ലഹരി പാര്‍ട്ടിയില്‍ രാഗിണി പങ്കെടുത്തിരുന്നു. കന്നഡ സിനിമാ മേഖലയുമായി രവിശങ്കറിനെ ബന്ധപ്പെടുത്തിയിരുന്ന കണ്ണിയാണ് രാഗിണിയെന്ന് അന്വേഷണ സംഘം പറയുന്നു. നാലു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണത്തിലെ വാട്‌സാപ്പ് ചാറ്റുകള്‍ നീക്കം ചെയ്ത നിലയിലാണ്. ഇത് വീണ്ടെടുക്കാനായാല്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

കന്നഡ ചലച്ചിത്ര മേഖലയിലെ കൂടുതല്‍ പേര്‍ക്ക് ലഹരി ഇടപാടില്‍ ബന്ധമുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇന്ദ്രജിത് ലങ്കേഷ് അടക്കമുള്ള സംവിധായകര്‍ തങ്ങള്‍ക്ക് ചില വിവരങ്ങള്‍ പങ്കുവെക്കാനുണ്ടെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.