കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് ഇടതു സ്ഥാനാര്‍ഥിയാകും

Posted on: September 4, 2020 7:51 pm | Last updated: September 5, 2020 at 8:25 am

ആലപ്പുഴ | ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കുട്ടനാട്ടില്‍ അന്തരിച്ച മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇക്കാര്യത്തില്‍ പാര്‍ട്ടി നേരത്തെ തീരുമാനം എടുത്തിട്ടുണ്ടെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനം ഇടതുമുന്നണി യോഗത്തിന് ശേഷം ഉണ്ടാകുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന കുട്ടനാട്ടിലും എന്‍ വിജയന്‍പിള്ളയുടെ നിര്യാണത്തെ തുടര്‍ന്ന് ചവറയിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എന്‍സിപി രംഗത്ത് വന്നത്. തോമസ് കെ തോമസിന് മണ്ഡലത്തില്‍ നല്ല സ്വാധീനമുണ്ടെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിത്വത്തിന് തിരഞ്ഞെടുത്തത് എന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

എന്‍സിപി നേതൃത്വം ആവശ്യപ്പെടുകയാണെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഒരുക്കമാണെന്ന് തോമസ് കെ തോമസ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തോമസ് കെ തോമസിനെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എന്‍സിപി നേതൃത്വത്തിനും കത്ത് നല്‍കുകയും ചെയ്തിരുന്നു. തനിക്കും മക്കൾക്കും ഭർത്താവിന്റെ വിദേശത്തെ ബിസിനസുകൾ നോക്കിനടത്താനുള്ളതിനാൽ സ്ഥാനാർഥിത്വത്തിൽ താത്പര്യമില്ല എന്നും, തൻെറ അഭാവത്തിൽ തോമസ് കെ തോമസ് സ്ഥാനാർഥിയാകണമെന്നായിരുന്നു തോമസ് ചാണ്ടിയുടെ അഭിലാഷമെന്നും മേരി ചാണ്ടി കത്തിൽ സൂചിപ്പിച്ചിരുന്നു. തോമസ് ചാണ്ടി 2016 ൽ മത്സരിച്ചപ്പോൾ ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകിയതും തോമസ് കെ.തോമസ് ആയിരുന്നു.

നവംബറില്‍ ബീഹാര്‍ തിരഞ്ഞെടുപ്പിന് ഒപ്പമാണ് കുട്ടനാട്, ചവറ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. സര്‍ക്കാറിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം കാലാവധിയുള്ളൂ എന്നിരിക്കെ ഈ ഉപതിഞ്ഞെടുപ്പുകള്‍ക്ക് അതീവ പ്രാധാന്യമുണ്ട്.