Connect with us

Socialist

ഒക്കച്ചെങ്ങായിയും മേനോനും

Published

|

Last Updated

എന്റെ സുഹൃത്തിന് ഒരു ചെങ്ങായിയുണ്ടായിരുന്നു. മേനോന്‍ ആയിരുന്നു കക്ഷി. ഒരു പാവം ഏറനാട്ടുകാരനായിരുന്നു മേനോന്റെ റൂംമേറ്റ്. പാവം എന്നുപറഞ്ഞാല്‍ പച്ചപ്പാവം. “എന്റെ ഭാഷയൊക്കെ ആകെ പോയി” എന്ന് പറഞ്ഞ് നമ്മുടെ മേനോന്‍ ഇടക്കിടക്ക് അസ്വസ്ഥനാകും. റൂംമേറ്റ് മലപ്പുറത്തുകാരനായത് കൊണ്ടാണ് ഹീനഭാഷക്ക് താന്‍ വശംവദനായിപ്പോകുന്നു എന്നും ആ ഭാഷ അറിയാതെ തന്നില്‍ സംക്രമിക്കുന്നു എന്നുമായിരുന്നു തത്പരകക്ഷിയുടെ പരിഭവം.

പിണറായി തിരുവനന്തപുരത്തിരുന്ന് ഒക്കച്ചെങ്ങായി എന്നൊക്കെ പറയുന്നത് സഹിക്കുന്ന തിരുവിതാംകൂറിലെ ആഢ്യഭാഷക്കാരെ പറ്റി ആലോചിച്ചപ്പോള്‍ ഞാന്‍ വെറുതെ മേനോനെ ഓര്‍ത്തു. ഏറെക്കുറേ മേനോന്റെ അതേ മനോവ്യാപാരത്തിലായിരിക്കുമല്ലോ നമ്മുടെ വരേണ്യമലയാളം ഇന്നും ഇന്നലെയും.

കുറച്ച് മുമ്പ് മന്ത്രി ഇ പി ജയരാജന്റെ രാജിയില്‍ കലാശിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ടായിരുന്നല്ലോ ചിറ്റപ്പന്‍ എന്ന വാക്ക് ചര്‍ച്ചയായത്. അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവ് ആണ് ചിറ്റപ്പന്‍. തിരുവിതാംകൂറിലെയും തിരുവനന്തപുരത്തെയും മാധ്യമപ്രവര്‍ത്തകരാണ് മലബറുകാര്‍ക്കും കണ്ണൂരുകാര്‍ക്കും അത്ര പരിചയമില്ലാത്ത “ചിറ്റപ്പ”നെ ജയരാജന് മേല്‍ അടിച്ചേല്‍പ്പിച്ചത്. പാവം ചിറ്റപ്പന്‍. ഇതുവരെ ആ ആഢ്യ വിളിക്ക് ഭാഗ്യം ലഭിക്കാതിരുന്ന ജയരാജനെ മാധ്യമങ്ങള്‍ ആക്ഷേപിക്കാനായി ചിറ്റപ്പനെന്ന് വിളിച്ചു.

ഇന്നലെ ഭരണസിരാകേന്ദ്രത്തിലിരുന്ന് പിണറായി വിജയന്റെ ഒക്കച്ചെങ്ങാതിയെന്ന ഉത്തരമലബാറിലെ ഭാഷ കേള്‍ക്കുമ്പോള്‍ തിരുവിതാംകൂറുകാര്‍ക്ക് ഒരു പുളിച്ചുതീട്ടല്‍ ഉണ്ടാകുമെന്ന് നൂറ് തരം. ഇനിയപ്പോള്‍, തിരുവനന്തപുരത്തെ കരയോഗം ലേഖകന്മാരും സിന്റിക്കേറ്റുകാരും ചേര്‍ന്ന് മലയാള ഭാഷക്കുമേല്‍ കണ്ണൂര്‍ ലോബിയുടെ കടന്നുകയറ്റം എന്ന മറ്റോ വല്ല സ്റ്റോറിയും ചെയ്തുകളയുമോ എന്നാണ് എന്റെ പേടി. കാരണം, ഈ മനുഷ്യന്‍ എവിടെയോ വിശ്രമിച്ചുകിടന്നിരുന്ന എത്രയെത്ര വാക്കുകളാണ് പ്രയോഗങ്ങളാക്കിക്കൊണ്ടുവരുന്നത്.

ഒരു ചുക്കും അറിയില്ല, സുന്ദരവിഡ്ഢി, കടക്ക് പുറത്ത്, എണ്ണിയെണ്ണിപ്പറയണോ തുടങ്ങി ഈ പിണറായിയുടെ വകയായി ജീവന്‍ വെച്ച വാക്കുകള്‍ കുറേ കാണും. ഇതൊക്കെ വെച്ച് നോക്കുമ്പോള്‍ സത്യത്തില്‍ സംഗതി കണ്ണൂര്‍ ലോബിയുടെ കളി തന്നെയെന്നല്ലേ?