Connect with us

Kerala

ജോസഫ് പക്ഷത്തിനെതിരെ കൂറുമാറ്റ നടപടികള്‍ തുടങ്ങി ജോസ്

Published

|

Last Updated

കോട്ടയം | തര്‍ക്കത്തിനൊടുവില്‍ പാര്‍ട്ടി ചിഹ്നവും പേരും നേടിയെടുത്ത ആത്മവിശ്വാസത്തില്‍ പി ജെ ജോസഫ് പക്ഷക്കാരെ തിരികെ കൊണ്ടുവരുന്നതിന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നടപടി തുടങ്ങി. ഒരേ സമയം കൂറുമാറ്റ നോട്ടീസ് നല്‍കിയും അനുനയ ചര്‍ച്ച നടത്തിയും ജോസഫ് പക്ഷക്കാരെ പരമാവധി കൂടെകൂട്ടാനുള്ള നീക്കമാണ് തുടങ്ങിയത്. ഇതിന്റെ ആദ്യഘട്ടമായി കോട്ടയം ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ശേഷം ജോസഫ് പക്ഷത്തേക്ക് മാറിയവര്‍ക്ക് കൂറുമാറ്റ നിരോധന നിയമപ്രകാരം നോട്ടീസ് നല്‍കും. തിരികെ വരുന്നവരുമായി ചര്‍ച്ച നടത്താന്‍ മൂന്നംഗ
ഉപസമിതിയെ ജില്ലാ നേതൃയോഗം നിയോഗിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ പരമാവധി കെട്ടുറപ്പുള്ളതാക്കി മാറ്റി മുന്നണികളോട് വിലപേശാനുള്ള നീക്കവും ജോസ് നടത്തുന്നു. ഇതിനായി എല്ലാ ജില്ലകളിലും നേതൃയോഗങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടയത്ത് യോഗം കഴിഞ്ഞ ദിവസം നടന്നു. ഇതില്‍ നിയോജക മണ്ഡലം പ്രസിഡന്റുമാരോട് കൂറുമാറിയവരുടെ പട്ടികയുമായി എത്താനാണ് പറഞ്ഞിരുന്നത്. പട്ടികയനുസരിച്ച് കൂറുമാറിയവര്‍ക്കൊക്കെ നോട്ടീസ് നല്‍കും. നോട്ടീസ് ഏതു വിധത്തില്‍ തയ്യാറാക്കി നല്‍കണമെന്നതു സംബന്ധിച്ച് പാര്‍ട്ടി നിയമോപദേശം തേടിയിട്ടുണ്ട്. ഇതു ലഭിച്ചാലുടന്‍ നോട്ടീസ് നല്‍കിത്തുടങ്ങും.

മറുകണ്ടം ചാടിയവരില്‍ ചിലര്‍ നടപടി ഭയന്ന് തിരികെ വരാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് ജോസ് പക്ഷത്തെ നേതാക്കളുടെ വാദം. ഇവരുമായി ചര്‍ച്ച നടത്താന്‍ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. തിരികെ എടുത്താല്‍ അതാതു പ്രദേശത്തെ അണികളില്‍ നിന്നും എത്രമാത്രം എതിര്‍പ്പുണ്ടാകുമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമിതി പഠിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തിരികെ എടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക.