റീ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മത്തായിയുടെ മൃതദേഹം നാളെ സംസ്‌കരിക്കും

Posted on: September 4, 2020 7:16 am | Last updated: September 4, 2020 at 9:02 am

പത്തനംതിട്ട | ചിറ്റാറില്‍ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ചതായി കുടുംബം ആരോപിക്കുന്ന പി പി മത്തായിയുടെ മൃതദേഹം ഇന്ന് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേകം ക്രമീകരിച്ച ടേബിളിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. സി ബി ഐയുടെ ആവശ്യപ്രകാരം ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തിലാകും പോസ്റ്റ്‌മോര്‍ട്ട നടപടികള്‍. നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് വിദഗ്ധരുടെ നേത്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും പോസ്റ്റ്‌മോര്‍ട്ടത്തിന് എടുക്കുക. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തും. പോപോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്ന മൃതദേഹം നാളെ സംസ്‌കരിക്കാനാണ് തീരുമാനം. മരണത്തില്‍ സംശയങ്ങള്‍ ഉള്ളതുകൊണ്ട് കഴിഞ്ഞ ജുലൈ 28ന് മരിച്ച മത്തായിയുടെ മൃതദേഹം സംസ്്ക്കരിക്കാതെ സൂക്ഷിച്ചുവെക്കുകയായിരുന്നു.

കേസ് അന്വേഷിക്കുന്ന സിബിഐ സംഘം റീപോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് നേരത്തെ തിരുവനന്തപുരം സി ജെ എം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് കഴിഞ്ഞ ജൂലൈയ് 28ന് വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ കിണറ്റില്‍ വീണ് മരിച്ച നിലയിലാണ് മത്തായിയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മത്തായിയുടെ മരണകാരണമെന്നായിരുന്നു വിശദീകരണം. ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല . എന്നാല്‍ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് ഭാര്യ ഷീബയും ബന്ധുക്കളും മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറാവാതെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

തുടര്‍ന്ന് കോടതിയെ സമീച്ച കുടുംബം ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നിലപാടെടുത്തിരുന്നു. പിന്നീട് കോടതി ഉത്തരവ് പ്രകാരം സി ബി ഐ കേസ് ഏറ്റെടുത്തതോടെയാണ് ഇവര്‍ നിലപാടില്‍ മാറ്റം വരുത്തിയത്.