Connect with us

Articles

ചെറുതല്ല പ്രശാന്ത് ഭൂഷണുയര്‍ത്തിയ ഓളം

Published

|

Last Updated

ന്യൂഡല്‍ഹിയിലെ ഭഗവാന്‍ ദാസ് റോഡിലെ സുപ്രീം കോടതിക്ക് തൊട്ട് മുന്നിലായുള്ള ന്യൂ ലോയേഴ്‌സ് ചേംബറിന്റെ ഒന്നാം നിലയില്‍ കയറിച്ചെല്ലുമ്പോള്‍ ഇടത് വശത്തായി ആദ്യം കാണുന്ന വാതിലിന്റെ പുറത്തെ മങ്ങിത്തുടങ്ങിയ അക്ഷരങ്ങളില്‍ ശാന്തി ഭൂഷണ്‍ എന്നെഴുതിയ വക്കീലോഫീസിന് രാജ്യത്തെ കോര്‍പറേറ്റ് അഭിഭാഷകരുടെ മുന്തിയ ചേംബറുകളുടെ കെട്ടും മട്ടുമൊന്നുമല്ലയുള്ളത്. സങ്കടപ്പെടുന്ന സാധാരണക്കാരന് ഏത് നിമിഷവും കയറിച്ചെല്ലാവുന്ന വിധത്തില്‍ തുറന്നു കിടക്കുന്ന ഈ വക്കീലോഫീസിനു മുന്നില്‍ കാത്തു നില്‍ക്കുന്നവരില്‍ ഭൂരിപക്ഷവും മുഖത്ത് ദൈന്യത നിഴലിക്കുന്ന സാധാരണക്കാരാണ്. അവര്‍ കാത്തിരിക്കുന്നത് ശബ്ദം നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദമാകുന്ന പ്രശാന്ത് ഭൂഷണിനെയും.

ഇക്കഴിഞ്ഞ നാളുകളില്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കിയത് പ്രശാന്ത് ഭൂഷണിനെയാണ്. ഇതാദ്യമായല്ല, സധൈര്യം നിലപാടുകളെടുത്തതിന്റെ പേരില്‍ പ്രശാന്ത് ഭൂഷണ്‍ ശ്രദ്ധേയനാകുന്നത്. ഇത്തവണ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെക്കെതിരെ ചെയ്ത ട്വീറ്റ്   കോടതിയലക്ഷ്യമെന്ന് കണ്ടെത്തിയാണ് സുപ്രീം കോടതി പ്രശാന്ത് ഭൂഷണിനെതിരെ തിരിഞ്ഞത്. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ചാണ് ഇതു സംബന്ധിച്ച കേസ് പരിഗണിച്ചത്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ബി ജെ പി നേതാവിന്റെ 50 ലക്ഷം രൂപ വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്നും മാസ്‌കും ഹെല്‍മെറ്റും ധരിച്ചിട്ടില്ലെന്നുമായിരുന്നു ജൂണ്‍ 29ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. ഇതിന് പുറമെ സുപ്രീം കോടതിയെ വിമര്‍ശിച്ച് ജൂണ്‍ 27നും അദ്ദേഹം മറ്റൊരു ട്വീറ്റിട്ടിരുന്നു. ഔദ്യോഗിക അടിയന്തരാവസ്ഥ ഇല്ലാത്തപ്പോള്‍ തന്നെ കഴിഞ്ഞ ആറ് വര്‍ഷം രാജ്യത്ത് എങ്ങനെ ജനാധിപത്യം നശിപ്പിക്കപ്പെട്ടെന്ന് ഭാവിയില്‍ പരിശോധിക്കുന്ന ചരിത്രകാരന്മാര്‍, ഈ നശീകരണത്തില്‍ സുപ്രീം കോടതിയുടെ പങ്കും അതില്‍ തന്നെ നാല് മുന്‍ ചീഫ് ജസ്റ്റിസുമാരുടെ പങ്കും പ്രത്യേകമായി അടയാളപ്പെടുത്തുമെന്നുമായിരുന്നു ട്വീറ്റ്.

റെക്കോര്‍ഡ് വേഗത്തിലാണ് പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ സുപ്രീം കോടതി സ്വീകരിച്ചത്. ട്വീറ്റുകളിലൂടെ സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസിനെയും വിമര്‍ശിച്ചെന്നാരോപിച്ചായിരുന്നു ഭൂഷണിനെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. ഭൂഷണിന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടെയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റെയും അന്തസ്സും അധികാരവും ഇടിച്ചുതാഴ്ത്തുന്നതും ആണെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.

പ്രശാന്ത് ഭൂഷണ്‍ നടത്തിയത് ഗുരുതരമായ കോടതിയലക്ഷ്യമെന്ന് ആഗസ്റ്റ് 14നാണ് സുപ്രീം കോടതി വിധിച്ചത്. ഭൂഷണിനെതിരായുള്ള കോടതിയലക്ഷ്യ കേസ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് 20ന് ശിക്ഷയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രശാന്ത് ഭൂഷണിനെ കുറ്റക്കാരനാക്കിയ കോടതിയുടെ നടപടിക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശങ്ങള്‍ ഉയര്‍ന്നുവന്നു. പൊതു സമൂഹത്തിലെ നിരവധി പേര്‍ പ്രശാന്ത് ഭൂഷണിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളും ജനപ്രതിനിധികളുമടക്കമുള്ള രാജ്യത്തിന്റെ സാധാരണക്കാരുടെ ശബ്ദം പ്രശാന്ത് ഭൂഷണിന് വേണ്ടി മാറ്റൊലി കൊണ്ടു.

ജനാധിപത്യ സംവിധാനത്തില്‍ വിമര്‍ശങ്ങള്‍ അത്യാവശ്യമാണെന്നും വിമര്‍ശങ്ങള്‍ കൊണ്ട് മാത്രമേ ജനാധിപത്യ പ്രക്രിയ ശക്തമാകുകയുള്ളൂവെന്നും കോടതിയലക്ഷ്യ നടപടികളുടെ വാദത്തിനിടയില്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞു. കോടതി എന്ത് ശിക്ഷ വിധിച്ചാലും അത് നേരിടാന്‍ തയ്യാറാണെന്നും ഭൂഷണ്‍ അറിയിച്ചു. ഞാന്‍ മാപ്പ് ചോദിക്കില്ല. ആരുടെയും ഔദാര്യവും ആവശ്യമില്ല. ഏത് വിധിയും സന്തോഷത്തോടെ സ്വീകരിക്കുമെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ഉറച്ച മറുപടി. ജനാധിപത്യ വിശ്വാസികള്‍ ആ മറുപടി ഏറ്റെടുക്കുകയും ചെയ്തു.

കോടതിയുടെ നിലപാടില്‍ തനിക്ക് വേദനയുണ്ടെന്ന് പറഞ്ഞ അദ്ദേഹം, അത് പക്ഷേ താന്‍ ശിക്ഷിക്കപ്പെടുമെന്നത് കൊണ്ടല്ല, മറിച്ച് തന്നെ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടു എന്നതു കൊണ്ടാണെന്നും പറഞ്ഞു. തനിക്കെതിരെ സുവോ മോട്ടോ നോട്ടീസ് അയക്കുന്നതിന് നിദാനമായ പരാതിയുടെ പകര്‍പ്പ് പോലും തരാന്‍ കോടതി തയ്യാറായില്ലെന്ന് അദ്ദേഹം പരാതിപ്പെടുന്നുണ്ട്.

ഇതിനിടയില്‍ കോടതിയലക്ഷ്യ കേസില്‍ പരാമര്‍ശം പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണിന് ആഗസ്റ്റ് 24ാം തീയതി വരെ സുപ്രീം കോടതി സമയം നല്‍കി. അതിനുള്ളില്‍ നിരുപാധികം മാപ്പ് പറഞ്ഞുള്ള സത്യവാങ്മൂലം പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ചാല്‍ കേസ് 25ാം തീയതി വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, നിലപാടില്‍ മാറ്റമില്ലെന്നും ദയയുണ്ടാകണമെന്ന് കോടതിക്കു മുമ്പാകെ അഭ്യര്‍ഥിക്കില്ലെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കുകയായിരുന്നു. അതേസമയം, പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടത് കൗതുകകരമായി.
കോടതി ശിക്ഷ വിധിച്ച ശേഷവും നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ പ്രശാന്ത് ഭൂഷണിന് സാധിച്ചു. കോടതിയുടെ തീരുമാനം തന്നെ ഞെട്ടിച്ചുവെന്നും എന്നാല്‍ മാപ്പ് പറയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
കോടതിയോട് വിധേയത്വമുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍, നീതിപീഠം വ്യതിചലിക്കുമ്പോള്‍ തുറന്നു പറയേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്ന് മാപ്പ് പറയാനുള്ള അവസരത്തില്‍ നിലപാട് വ്യക്തമാക്കിയ പ്രശാന്ത് ഭൂഷണ്‍, അധികാരത്തിന്റെ ഇരുമ്പു ദണ്ഡുപയോഗിച്ച് ഭീഷണിപ്പെടുത്തി അഭിപ്രായങ്ങളെ അടിച്ചമര്‍ത്താന്‍ പറ്റുമെന്ന് സ്വപ്‌നം കണ്ടവര്‍ക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്.
അധികാരം അഹങ്കാരവും അലങ്കാരവുമാക്കിയ ഫാസിസ്റ്റ് കാലത്ത്, അധികാരത്തിന്റെ അന്ധത ഭരണഘടനാ സ്ഥാപനങ്ങളെയും ബാധിക്കുന്നതിനെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങുന്ന, സാധാരണക്കാരന്റെ മുഖം മറന്നിട്ടില്ലാത്ത നീതിബോധമുള്ള പ്രശാന്ത് ഭൂഷണ്‍മാരിലാണ് യഥാര്‍ഥത്തില്‍ ഈ ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിന്റെ പ്രതീക്ഷ.
പ്രശാന്ത് ഭൂഷണ്‍ കേസില്‍ സുപ്രീം കോടതിയുടേത് ന്യായശൂന്യ പ്രതികരണമെന്ന് പറഞ്ഞുകൊണ്ട് നിയമ വിദഗ്ധനും മുന്‍ സോളിസിറ്റര്‍ ജനറലുമായ സോളി സൊറാബ്ജി നിലപാട് വ്യക്തമാക്കിയിരുന്നു. കൊളോണിയല്‍ കാലഘട്ടത്തില്‍ മഹാത്മജിക്കെതിരെയും മുതലാളിത്ത ബ്രിട്ടീഷ് ഭരണകൂടം പ്രയോഗിച്ചതും കോടതിയലക്ഷ്യത്തിന്റെ ഖഡ്ഗം തന്നെയായിരുന്നു. പക്ഷേ, രാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഗാന്ധിജി കാണിച്ച സ്ഥൈര്യം തന്നെയാണ് പ്രശാന്ത് ഭൂഷണ്‍മാര്‍ക്ക് ഊര്‍ജമാകുന്നത്, പ്രത്യേകിച്ചും ഫാസിസം അരങ്ങ് വാഴുന്ന കെട്ട കാലത്ത്.
ജനാധിപത്യ രാജ്യത്ത് ജനങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ വിശ്വാസങ്ങളുണ്ട്. പരമോന്നത കോടതിയുടെ വിശ്വാസ ധാരണകളോട് ചേര്‍ന്നു നില്‍ക്കാത്ത വിശ്വാസങ്ങള്‍ ഉള്ളവരെയെല്ലാം ശിക്ഷിക്കലല്ല നീതിന്യായ വ്യവസ്ഥയുടെ ധര്‍മം. സ്വതന്ത്ര അഭിപ്രായങ്ങള്‍ സൂക്ഷിക്കാനും അവ പ്രകടിപ്പിക്കാനും ഓരോ പൗരനും അവകാശമുണ്ട്.
പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ കാലങ്ങളില്‍ ഓരോ വിഷയങ്ങളിലും എടുത്തിരുന്ന നിലപാടുകള്‍ എന്തൊക്കെയായിരുന്നാലും അദ്ദേഹത്തിനെതിരെയുള്ള കടുത്ത കോടതിയലക്ഷ്യ നടപടിയും ശിക്ഷയുണ്ടാകുമെന്ന തോന്നലും രാജ്യത്താകമാനം പ്രശാന്ത് ഭൂഷണിന് അനുകൂലമായും കോടതിയലക്ഷ്യ നടപടിയെ വിമര്‍ശിച്ചു കൊണ്ടുമുള്ള വലിയ വികാരം സൃഷ്ടിച്ചു. അറ്റോര്‍ണി ജനറലിന്റെതും രാജ്യത്തിന്റെ നാഡീസ്പന്ദനമറിഞ്ഞു കൊണ്ടുള്ള നിലപാടായിരുന്നു. അതിനാല്‍ തന്നെ പൊതു സമൂഹത്തിന്റെ പ്രതികരണത്തിന്റെ പ്രതിഫലനമറിഞ്ഞു കൊണ്ടുള്ള വിധിയായിരുന്നു ഒരു രൂപ പിഴ ചുമത്തിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ അന്തിമ വിധി. അറ്റോര്‍ണി ജനറലും തന്റെ അഭിഭാഷകനും അഭ്യര്‍ഥിച്ചതോടെ ഒരു രൂപ സുപ്രീം കോടതി രജിസ്ട്രിയിലടച്ച് കോടതിയലക്ഷ്യത്തിന്റെ വലിയ പ്രഹേളികയില്‍ നിന്ന് പുറത്തു വരുന്ന പ്രശാന്ത് ഭൂഷണിന്റേത് തീര്‍ച്ചയായും രാജ്യത്തെ നിയമ വ്യവസ്ഥയുടെ തന്നെ വിജയമാണ്.

Latest