വോഡാഫോണ്‍- ഐഡിയക്ക് ജീവശ്വാസമാകാന്‍ ആമസോണും വെരിസോണും

Posted on: September 3, 2020 4:16 pm | Last updated: September 3, 2020 at 4:16 pm

മുംബൈ | സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന വോഡാഫോണ്‍ ഐഡിയ കമ്പനിയില്‍ നിക്ഷേപമിറക്കാന്‍ ആമസോണും അമേരിക്കയിലെ വെരിസോണ്‍ കമ്യൂനിക്കേഷന്‍സും. 400 കോടി ഡോളറിലേറെയാണ് ഇരുകമ്പനികളും നിക്ഷേപിച്ച് വോഡാഫോണ്‍- ഐഡിയയുടെ പ്രധാന ഓഹരികള്‍ സ്വന്തമാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഹരികള്‍ വാങ്ങുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നേരത്തേ ആരംഭിച്ചതായിരുന്നെങ്കിലും സ്‌പെക്ട്രം ഇടപാടില്‍ കേന്ദ്ര സര്‍ക്കാറിന് കുടിശ്ശിക അടച്ചുതീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ തീര്‍പ്പ് വരാനുള്ളതിനാല്‍ നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധി വന്നതോടെ ചര്‍ച്ചകള്‍ പുനരാരംഭിച്ചു. ഇന്ത്യയിലെ ടെലികോം കമ്പനികള്‍ പത്ത് വര്‍ഷം കൊണ്ട് 1.4 ലക്ഷം കോടി അടച്ചുതീര്‍ത്താല്‍ മതിയെന്നാണ് സുപ്രീം കോടതി വിധി.

ഇതില്‍ വോഡാഫോണ്‍ ഐഡിയക്ക് 50,400 കോടി അടച്ചുതീര്‍ക്കാനുണ്ട്. ജൂണിലെ പാദവര്‍ഷത്തില്‍ 25,460 കോടിയുടെ നഷ്ടമുണ്ടായതായി കമ്പനി അറിയിച്ചിരുന്നു. ധനസമാഹരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ നാളെ ബോര്‍ഡ് മീറ്റിംഗുണ്ടെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വോഡാഫോണ്‍ ഐഡിയയില്‍ നിക്ഷേപിക്കുന്ന ആമസോണ്‍ ഇന്ത്യയില്‍ സജീവമാണ്. മറ്റൊരു കമ്പനിയായ വെരിസോണിന്റെ ഓണ്‍ലൈന്‍ യൂനിറ്റ് ഓത് കമ്പനിയും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

ALSO READ  ആകര്‍ഷക ഓഫറുകളുള്ള ആമസോണ്‍ ഫ്രീഡം സെയ്ല്‍ ഇന്ന് രാത്രി അവസാനിക്കും