അനൂപുമായി സൗഹൃദം മാത്രം; ബിസിനസില്‍ ഒരു പങ്കുമില്ല- ബിനീഷ് കോടിയേരി

Posted on: September 2, 2020 12:34 pm | Last updated: September 2, 2020 at 3:52 pm

 കോഴിക്കോട് | മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിനെ ഏട്ട് വര്‍ഷത്തോളമായി അറിയാമെന്നും എന്നാല്‍ അനൂപ് മുഹമ്മദിന് ലഹരി മരുന്ന് ഇടപാട് ഉള്ളതായി തനിക്ക് അറിയില്ലെന്നും ബിനീഷ് കോടിയേരി. വസ്ത്ര വ്യാപാരിയായാണ് പരിചയം. താന്‍ ബെംഗളൂരുവില്‍ പോകുമ്പോള്‍ പലപ്പോഴും തനിക്ക് ഹോട്ടല്‍ മുറിയെല്ലാം അനൂപ് ബുക്ക് ചെയ്ത് തന്നിട്ടുണ്ട്. നല്ല സുഹൃത്തായിരുന്നു. ബെംഗളൂരുവില്‍ റസ്റ്റോറന്റ് തുടങ്ങാന്‍ രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപ അനൂപിന് കടം നല്‍കിയിട്ടുണ്ട്. എന്നാല്‍ ബിസിനസില്‍ ഒരു പങ്കാളിത്തവുമില്ലെന്നും ബിനീഷ് പറഞ്ഞു. പി കെ ഫിറോസിന്റെ ബാലിശമായ ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും ബിനീഷ് പറഞ്ഞു.

അനൂപിന്റെ മാതാപിതാക്കളുമായും തനിക്ക് ബന്ധമുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അനൂപിന് മയക്ക് മരുന്ന് മാഫിയകളുമായി ബന്ധമുണ്ടെന്നത് അവന്റെ മാതാപിതാക്കളില്‍ പോലും ഞെട്ടല്‍ ഉളവാക്കുന്നതാണ്. അനൂപ് റസ്റ്റോറന്റ് തുടങ്ങാന്‍ പലരില്‍ നിന്നും സഹായം വാങ്ങിയിട്ടുണ്ട്. അത്തരത്തില്‍ തന്നോടും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. അനൂപിന്റെ മയക്ക് മരുന്ന് ബിസിനസില്‍ താന്‍ പണം നല്‍കി എന്നതിന് എന്ത് തെളിവാണുള്ളതെന്നും ബിനീഷ് കോടിയേരി ചോദിച്ചു.

സ്വപ്‌ന സുരേഷ് അറസ്റ്റിലായ ജൂലൈ പത്തിന് താന്‍ നിരന്തരം അനൂപിനെ വിളിച്ചതായി ഫിറോസ് പറയുന്നു. എന്നാല്‍ അങ്ങനെ നിരന്തരം വിളിച്ചതായി തനിക്ക് ഓര്‍മിയില്ല. ഫിറോസ് കുരമകത്തെ നൈറ്റ് പാര്‍ട്ടിയെന്ന് പറഞ്ഞ് പുറത്തുവിട്ടത് നേരത്തെ സുഹൃത്തുക്കള്‍ ഒരുമിച്ച് ഇരുന്നപ്പോള്‍ എടുത്ത ഫോട്ടോയാണ്. ഫിറോസ് പറഞ്ഞ ദിവസം താന്‍ കുമരകത്ത് പോയിട്ടില്ല. ഇത് ഒരു നൈറ്റ് പാര്‍ട്ടിയല്ല. സിനിമാ മേഖലയിലെ പലര്‍ക്കും മയക്ക് മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നാണ് ഫിറോസ് പറയുന്നത്. ഫിറോസ് തന്നെയാണ് ഇത് വ്യക്തമാക്കേണ്ടതെന്നും ബിനീഷ് കോടിയേരി പറഞ്ഞു.