Connect with us

Cover Story

സൗഹാർദമാണ് ഓണം

Published

|

Last Updated

തരളമായ പൂമിഴിയിലും മധുരമായ പൂവടയിലും സുഗന്ധമുള്ള ഒരു പൂക്കാലം ഒളിഞ്ഞിരിപ്പുണ്ട്. ഒരുമയുടെ സുഖശീതളിമയിൽ സ്‌നേഹസ്പർശം അനുഭവിച്ച ഒരു കാലം. കേട്ടറിവുകളിലൂടെ ഓരോ തലമുറയും ആ കാലത്തെ കാത്തുനിൽപ്പാണ്.

കാലത്തിനൊത്ത മാറ്റങ്ങളിൽ ദുരിതവും ദുഃഖവും ഇഴചേർത്ത കറുത്ത നിഴലുകളിലേക്ക് മലയാളിയുടെ വിചാരങ്ങൾ പോലും സഞ്ചരിക്കുമ്പോൾ ആ പഴയ കാലം മനസ്സിൽ പ്രത്യാശയുടെ പൂക്കളം തീർക്കും. നാട് തെളിഞ്ഞില്ലെങ്കിലും മലയാളിയുടെ മനം തെളിയിക്കാൻ നിറവിന്റെ പ്രതീകം പോലെ പ്രതീക്ഷയുടെ ചിറകു വിടർത്തിയെത്തുന്ന ആ ഓർമകൾക്ക് കഴിയുമെന്ന് ഉറപ്പ്. പുത്തരിക്കണ്ടം കൊയ്ത,് പൂക്കാലത്തിന്റെ പട്ടു പുതച്ച് പൂവിളികളുടെ താരാട്ടുമായെത്തുന്ന ഓണത്തെ മലയാളി ഹൃദയത്തോട് ചേർത്തു നിർത്തുന്നത് ആ ഓർമകളുടെ തണലിലായിരിക്കണം. ഓരോ ഓണക്കാലവും തലമുറകളിലേക്ക് പകർന്നുനൽകുന്ന ഈടുവയ്പ് ഗൃഹാതുരതയുണർത്തുന്ന പഴയ ആ ഓർമകളുടെ തണലിടങ്ങൾ തന്നെയാണ്. ജൈവപ്രകൃതിയും മാനവസംസ്‌കൃതിയും അവയുടെ സുസ്ഥിരതയെ പറ്റിയുള്ള ആലോചനകളും ഓണത്തിന് കാൽപ്പനികമായ നിലനിൽപ്പിടം ഒരുക്കുന്നു. എല്ലാവരും ഒരുമയോടെ ജീവിക്കുന്ന ഒരു കാലം എല്ലാ നല്ല മനുഷ്യരുടെയും സ്വപ്നമാണ്. മതാതീതമായ ഈ സ്വപ്നത്തിന് ദേശാതിർത്തികളില്ല. കാലാതീതമാണത്. അതു തന്നെയാണ് ഓണത്തെ എല്ലാക്കാലത്തും പ്രസക്തമാക്കി നിർത്തുന്നത്. ഓണക്കാലം ഓരോരുത്തർക്കും പ്രിയപ്പെട്ടതാണ്.

ഓണം ഉത്സവം

കുട്ടിക്കാലത്ത് ഓണം ഉത്സവമായിരുന്നു. പത്ത് ദിവസം കുട്ടികൾക്കെല്ലാം എന്ത് സന്തോഷമായിരുന്നുവെന്നോ. ഊഞ്ഞാലാട്ടമായിരുന്നു കുട്ടികളുടെ പ്രധാനപ്പെട്ട ഒരു വിനോദം. എല്ലാ വീടുകളിലും ഊഞ്ഞാലിടും. രാത്രിയും പകലും എന്ന ഭേദമന്യേ കുഞ്ഞുങ്ങൾ ഊഞ്ഞാലാടും. കുഞ്ഞുങ്ങൾക്ക് ചെറിയ ഊഞ്ഞാലാണുണ്ടാകുക. മുതിർന്നവർക്ക് രണ്ട് തെങ്ങുകൾക്കു നടുവിൽ വടംകെട്ടി നിർമിക്കുന്ന ഊഞ്ഞാലാണുണ്ടാകുക. അതിനെ “ആലാത്ത്” എന്നു പറയും. പറമ്പിൽ നിരന്നുനിൽക്കുന്ന തെങ്ങുകളിൽ വലിച്ചുകെട്ടുന്ന ആലാത്തിൽ ഒരേസമയം രണ്ടും മൂന്നും പേർ വരെ ഇരിക്കും. സ്ത്രീകൾക്കും പ്രത്യേകം ഊഞ്ഞാലുണ്ടാകും. പത്ത് ദിവസവും ഊഞ്ഞാലാട്ടമുണ്ടാകും. ഊഞ്ഞാലിലിരുന്ന് ആളുകൾ പാട്ടു പാടും. പല ഈണത്തിലായിരിക്കും പാട്ടുകൾ. ഒരേ തരത്തിൽ പാടുന്ന ഒരു പാട്ട് മാവേലി നാടുവാണീടും കാലം… എന്ന ആ പഴയ നാടൻ പാട്ടു തന്നെയായിരുന്നു. നിലാവും നിഴലും ചേർന്ന രാത്രിയിൽ ഈ പാട്ടും ആട്ടവും ചേരുമ്പോൾ ഒരു സ്വപ്‌നാത്മകമായ അന്തരീക്ഷം രൂപം പ്രാപിക്കും.

തുമ്പിതുള്ളലും
തിരുവാതിരയും

ഓണക്കാലത്തെ പ്രധാനപ്പെട്ട മറ്റൊന്ന് തിരുവാതിരക്കളിയായിരുന്നു. ഇത് നേരത്തെ പഠിപ്പിക്കും. ചില വീടുകളിലാണ് തിരുവാതിരക്കളി നടത്തുക. കൈകൊട്ടിക്കളിയുമുണ്ടാകും. കുട്ടികൾ മുതൽ അറുപത് വയസ്സുവരെയുള്ള സ്ത്രീകൾ അതിൽ പങ്കുകൊള്ളും. തുമ്പി തുള്ളലാണ് മറ്റൊന്ന്. രാത്രിയിലാണുണ്ടാകുക. ഒരു പൂടം വെച്ച് അതിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് ഒരു കുട്ടിയെ തുമ്പിയായി സങ്കൽപ്പിച്ച് നടുവിൽ ഇരുത്തി ചുറ്റും കുട്ടികൾ ഇരിക്കും. ചുറ്റും നിൽക്കുന്നവർ പാട്ടുപാടുകയും ആർപ്പും കുരവയുമായി തുമ്പിയെ തുള്ളിക്കാൻ ശ്രമിക്കുകയും ചെയ്യും. എന്തേ തുമ്പീ തുള്ളാത്തൂ…എന്നിങ്ങനെ പാട്ടു പാടിയാണു തുമ്പിയെ തുള്ളിക്കുന്നത്. പുരുഷന്മാർക്കുമുണ്ടായിരുന്നു വിനോദങ്ങൾ പലതും. അതിലൊന്ന് കിളിമാസു കളിയായിരുന്നു. കളം വരഞ്ഞ് ആളുകൾ ഇരുഭാഗത്തും നിന്നുള്ള ആവേശകരമായ കളിയാണത്.

ഓണപ്പൂക്കളം

അത്തം തൊട്ട് ചതയം വരെ എല്ലാ ദിവസങ്ങളിലും പൂക്കളമിടും. കളം വരച്ച് പലതരത്തിലുള്ള പൂക്കളാണിടുക.നാട്ടുപൂക്കൾ കുട്ടികൾ തന്നെയാണ് ശേഖരിക്കുക. ഓണക്കോടിയും പ്രധാനമാണ്. ഒരു വർഷത്തിലൊരിക്കലാണ് സമ്പാദ്യം കൂട്ടിവെച്ച് ഓണക്കോടി വാങ്ങുക. കുട്ടികൾക്കേ അതുണ്ടാകൂ. ഓണസദ്യയുമുണ്ടാകും. പച്ചക്കറി വിഭവങ്ങളാണുണ്ടാകുക. പലഹാരങ്ങളും പായസവുമുണ്ടാകും. അവസാനത്തെ ഓണത്തിന് പ്രത്യേക പ്രാധാന്യവുമുണ്ട്. ചതയദിനത്തിൽ ഗുരുജയന്തിയായതിനാൽ ഗുരുവിനെ അനുസ്മരിക്കുന്ന യോഗങ്ങൾ ഉണ്ടാകും. അദ്ദേഹത്തിന്റെ കവിത യോഗങ്ങളിൽ ചൊല്ലും.

ഐക്യത്തിന്റെ ഓണം

ജാതിഭേദമില്ലെന്നതായിരുന്നു ഓണത്തിന്റെ പ്രത്യേകത. എല്ലാ വിഭാഗം ആളുകളും ഒരുമിച്ച് ചേരും. പായസവും പലഹാരങ്ങളും വീടുകളിൽ കൈമാറും. അങ്ങോട്ടുമിങ്ങോട്ടുമുള്ള കൈമാറ്റം ഒരു വലിയ സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷമായിരുന്നു അക്കാലത്ത് സൃഷ്ടിച്ചിരുന്നത്. മനുഷ്യർ തമ്മിലുള്ള സൗഹൃദം ഹൃദ്യമായിരുന്നു. പഴയകാലത്തെ രീതികളൊന്നും ഇന്നില്ല. പായസംപോലും റെഡിമെയ്ഡ് ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്. അച്ചാറും ഉപ്പേരിയും എല്ലാം അങ്ങനെ തന്നെ. കച്ചവടക്കാർ പരസ്യം ചെയ്യും. ആളുകൾ ചെന്ന് വാങ്ങിക്കും. എങ്കിൽ തന്നെയും ഓണം മനുഷ്യരെല്ലാം തുല്യരായി സ്‌നേഹത്തോടെ വസിക്കുന്ന ഒരു ലോകത്തിന്റെ സ്വപ്‌നം ഇപ്പോഴും ഉണർത്തുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest