Connect with us

Gulf

എസ് വൈ എസ് സാന്ത്വനവും ഐ സി എഫും കൈകോര്‍ത്തു; സഊദിയിലെ ബെംഗളൂരു സ്വദേശിക്ക് നാട്ടില്‍ നിന്ന് മരുന്ന് എത്തിച്ച് നല്‍കി

Published

|

Last Updated

നാട്ടില്‍ നിന്നും എത്തിച്ച മരുന്നുകള്‍ നിസാര്‍ ചിറമംഗലം കരീം ഖാന് കൈമാറുന്നു

ദമാം | എസ് വൈ എസ് സാന്ത്വനവും ഐ സി എഫും കൈകോര്‍ത്ത് സഊദി അറേബ്യയില്‍ കഴിയുന്ന ബെംഗളൂരു സ്വദേശിക്ക് മരുന്ന് നാട്ടില്‍ നിന്ന് എത്തിച്ചുനല്‍കി. അല്‍ ഫാറാബി മെഡിക്കല്‍ ഗ്രൂപ്പിലെ ഡോക്ടറായ ബെംഗളൂരു സ്വദേശി യൂസുഫിന്റെ പിതാവ് കരീം ഖാന് വേണ്ടിയാണ് മരുന്ന് എത്തിച്ച് നല്‍കിയത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി സ്ഥിരമായി നാട്ടില്‍ നിന്നായിരുന്നു മരുന്ന് എത്തിച്ചിരുന്നത്. കൊവിഡ് കാരണം സഊദിയിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ മരുന്ന് കൊണ്ടുവരാന്‍ കഴിയാതെ പ്രയാസത്തിലായി.

ഇതേത്തുടര്‍ന്ന് നാട്ടില്‍ നിന്ന് മരുന്ന് കൊണ്ടുവരാനുള്ള മാര്‍ഗം തേടിയാണ് ഐ സി എഫ് സക്കാക്ക സംഘടനാ സെക്രട്ടറി നാസര്‍ ചിറമംഗലത്തിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ഐ സി എഫ് നാഷനല്‍ സംഘടനാ സെക്രട്ടറി ബശീര്‍ ഉള്ളണത്തെ വിവരം അറിയിക്കുകയും ഡോക്ടറുടെ നമ്പര്‍ കൈമാറുകയും ചെയ്തു. ഡോക്ടറുമായി സംസാരിച്ചപ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കുറിപ്പടി പോലും നഷ്ടമായത് മനസ്സിലായത്. കുടുംബാംഗങ്ങള്‍ മുഴുവനും സഊദിയിലായതിനാല്‍ ഡോക്ടറുടെ കുറിപ്പടി കിട്ടാനുള്ള പ്രയാസവും പ്രായമായ പിതാവിന്റെ രോഗാവസ്ഥയും ബോധ്യപ്പെട്ടു. എങ്ങനെയെങ്കിലും പ്രായമായ പിതാവിന്റെ മരുന്ന് എത്തിച്ച് തരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

തുടര്‍ന്ന്, പരപ്പനങ്ങാടി മുനിസിപ്പല്‍ എസ് വൈ എസ് സാന്ത്വനപ്രവര്‍ത്തകരായ ഖാജാമുഹിയുദ്ദീനെയും റഫീഖിനെയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇരുവരുടെയും നിരന്തര ഇടപെടലിലുടെ പ്രദേശത്തെ സുമനസ്സുള്ള ഡോക്ടര്‍ മരുന്നുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തി കുറിപ്പടി നല്‍കി. പരപ്പനങ്ങാടി മുനിസിപ്പല്‍ എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ മരുന്ന് വാങ്ങി കൊറിയര്‍ വഴി സക്കാക്ക ഐ സി എഫ് കമ്മിറ്റിക്ക് എത്തിച്ച് നല്‍കി. നിസാര്‍ ചിറമംഗലം കരീം ഖാന് ഇവ കൈമാറുകയും ചെയ്തു. മരുന്ന് എത്തിക്കാന്‍ സഹായിച്ച ഐ സി എഫ്, എസ് വൈ എസ് പ്രവര്‍ത്തകര്‍ക്ക് ഡോക്ടറും കുടുംബവും ഹൃദ്യമായ നന്ദി അറിയിക്കുകയും ചെയ്തു.