ഖത്വറില്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനം, ജോലിമാറ്റത്തിന് എന്‍ ഒ സി വേണ്ട; ഗള്‍ഫ് മേഖലയില്‍ ഇതാദ്യം

Posted on: August 30, 2020 8:33 pm | Last updated: August 31, 2020 at 8:57 am

ദോഹ | തൊഴിലാളികള്‍ക്ക് മിനിമം വേതനം ഏര്‍പ്പെടുത്തിയും ജോലി മാറ്റത്തിനുള്ള എന്‍ ഒ സി ഒഴിവാക്കിയും ഖത്വര്‍. മിഡില്‍ ഈസ്റ്റ് മേഖലയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു നടപടി. വീട്ടുജോലിക്കാര്‍ അടക്കമുള്ള സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും കുറഞ്ഞ വേതനം ലഭിക്കും. പ്രതിമാസം ആയിരം ഖത്വര്‍ റിയാല്‍ ആണ് അടിസ്ഥാന ശമ്പളം.

താമസവും ഭക്ഷണവും തൊഴിലുടമകള്‍ നല്‍കുന്നില്ലെങ്കില്‍ ഓരോ മാസവും താമസത്തിന് 500 റിയാലും ഭക്ഷണത്തിന് 300 റിയാലും നല്‍കണം. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി ആറ് മാസത്തിന് ശേഷമാണ് ഈ നിയമം പ്രാബല്യത്തില്‍ വരിക. ഇതിനായി 17ാം നമ്പറായി നിയമം കൊണ്ടുവന്നിട്ടുണ്ട്.

പുതിയ നിയമം അനുസരിച്ചുള്ള ശമ്പളത്തേക്കാള്‍ കുറവാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നതെങ്കില്‍ പ്രസ്തുത കരാര്‍ പുതുക്കാന്‍ തൊഴിലുടമകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഖത്വറിന്റെ സുപ്രധാന ചുവടുവെപ്പാണിത്.

ALSO READ  ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ഖത്വര്‍; ബന്ധം സാധാരണ നിലയിലാക്കുന്നത് സംഘര്‍ഷത്തിന് ഉത്തരമല്ല