National
മന്‍ കി ബാത്ത് ഇന്ന്; 'അണ്‍ലോക്ക് നാലി'ന്റെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയേക്കും

ന്യൂഡല്‍ഹി | പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് ഇന്ന്. ട്വിറ്ററിലെ ഔദ്യോഗിക പേജിലൂടെയാണ് പ്രധാന മന്ത്രി ഇക്കാര്യം അറിയിച്ചത്. രാവിലെ 11നാണ് അദ്ദേഹം ജനങ്ങളോട് സംസാരിക്കുക. 68 ാമത്തെ മന്‍ കി ബാത്താണ് ഇന്നത്തേത്. രാജ്യത്ത് നാലാം ഘട്ട അണ്‍ലോക്കിന്റെ ഭാഗമായി കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്ന നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പ്രധാന മന്ത്രി മന്‍ കി ബാത്തില്‍ നല്‍കിയേക്കും.
സെപ്തംബര്‍ ഏഴു മുതല്‍ ഗ്രേഡ് രീതിയില്‍ മെട്രോ സര്‍വീസുകള്‍ നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. 21 മുതല്‍ 100 പേര്‍ക്കു വരെ പങ്കെടുക്കാവുന്ന പൊതു പരിപാടികള്‍ നടത്താനും അനുമതിയുണ്ട്. എന്നാല്‍, സ്‌കൂളുകള്‍, കോളജുകള്‍, കോച്ചിംഗ് സെന്ററുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ തുറക്കാന്‍ അനുമതിയില്ല.
ഓണ്‍ലൈന്‍ ടീച്ചിംഗ്-ടെലി കൗണ്‍സിലിംഗ് എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് എത്താവുന്നതാണ്.ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം. ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് കണ്ടെയിന്‍മെന്റിന് പുറത്തുള്ള അവരുടെസ്‌കൂളുകളില്‍ അധ്യാപകരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന് പോകാം. രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതത്തിന് വിധേയമായിട്ടായിരിക്കണം ഇത്. ഓണ്‍ലൈന്‍ പഠനം പ്രോത്സാഹിപ്പിക്കും.
സിനിമാ തിയേറ്ററുകളും നീന്തല്‍ക്കുളങ്ങളും തുറക്കില്ല. 21 മുതല്‍ ഓപ്പണ്‍ തിയേറ്ററുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. സെപ്തംബര്‍ 30 വരെ കണ്ടെയിന്‍മെന്റ് സോണുകളില്‍ യാതൊരു ഇളവുകളും അനുവദിക്കില്ല.