Connect with us

National

തുറന്നടിച്ച് കപില്‍ സിബല്‍; കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് ഉടച്ചുവാര്‍ക്കണമെന്ന് ആവശ്യപ്പെട്ട് 23 നേതാക്കള്‍ പാര്‍ട്ടി താത്ക്കാലിക അധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച കത്തിന്റെ പൂര്‍ണരൂപം പുറത്തുവിട്ട് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ഉന്നയിച്ച കാര്യങ്ങളില്‍ ഒരെണ്ണം പോലും അംഗീകരിച്ചില്ലെന്നു മാത്രമല്ല, കത്തെഴുതിയവരെ ചിലര്‍ ആക്രമിച്ചപ്പോള്‍ നേതൃത്വം മൗനം പാലിച്ചുവെന്നും സിബല്‍ തുറന്നടിച്ചു. ഏതെങ്കിലും ഒരു നേതാവിന് എതിരായിരുന്നില്ല കത്ത്. ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് പാര്‍ട്ടി ശക്തിപ്പെടണം എന്ന ആഗ്രഹം മാത്രം മുന്‍നിര്‍ത്തിയാണ് കത്തെഴുതിയത്. എന്നാല്‍, ഉന്നയിക്കപ്പെട്ട ആശങ്കകളൊന്നും പാര്‍ട്ടി പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്തില്ല. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളെയും തിരിച്ചടികളെയുമാണ് പാര്‍ട്ടി അഭിമുഖീകരിക്കുന്നതെന്ന കാര്യം അംഗീകരിക്കാന്‍ നേതൃത്വം തയാറാണോ എന്ന് സിബല്‍ ചോദിച്ചു.

കത്തെഴുതിയവരെ വിമതര്‍ എന്ന് വിശേഷിപ്പിച്ച് അമര്‍ത്താന്‍ നോക്കുകയല്ല, എന്തുകൊണ്ട് പാര്‍ട്ടിക്ക് തിരിച്ചടികള്‍ ഉണ്ടായി എന്ന് പരിശോധിക്കുകയാണ് വേണ്ടത്. പ്രവര്‍ത്തക സമിതി യോഗത്തില്‍ ചിലര്‍ കത്തെഴുതിയവരെ ആക്രമിച്ചപ്പോള്‍ അത് തടയാന്‍ നേതൃത്വത്തിലെ ഒരാള്‍ പോലും ഇടപെട്ടില്ല. എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുമോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതിപ്പോള്‍ പറയാനാകില്ലെന്നായിരുന്നു സിബലിന്റെ പ്രതികരണം.

Latest