National
ചെന്നൈയില്‍ കൊവിഡ് ഭേദമായയാള്‍ക്ക് ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം

ചെന്നൈ | കൊവിഡ് ബാധിക്കുകയും ശ്വാസകോശം തകരാറിലാവുകയും ചെയ്തയാള്‍ക്ക് ശ്വാസകാശം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഗുഡ്ഗാവുകാരനായ 48 വയസ്സുള്ള ബിസിനസുകാരനാണ് ശസ്ത്രക്രിയ നടത്തിയത്. പുതിയ ശ്വാസകോശം ഇദ്ദേഹത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ടെന്നും നില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇദ്ദേഹത്തിന് കൊവിഡ് ഭേദമായെങ്കിലും ശ്വാസകോശത്തിന് ശക്തമായ പരുക്കേറ്റിരുന്നു. ഏഷ്യയില്‍ ആദ്യമായാണ് കൊവിഡ് രോഗം ഭേദമായയാള്‍ക്ക് ശ്വാസകോശം മാറ്റിവെക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെട്ടു.
ജൂണ്‍ എട്ടിനാണ് കൊവിഡ് ബാധിച്ച് ബിസിനസുകാരനെ ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ചത്. അപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ശ്വാസകോശത്തിന് തകരാറുണ്ടായിരുന്നു. തുടര്‍ന്ന് ജൂലൈ ആയതോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ശസ്ത്രക്രിയക്ക് ശേഷം മാറ്റിവെച്ച ശ്വാസകോശം അദ്ദേഹത്തില്‍ ശരിയായ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായും വെന്റിലേറ്റര്‍ മാറ്റിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ചെന്നൈയിലെ മറ്റൊരു ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ശ്വാസകോശമാണ് രോഗിയില്‍ മാറ്റിവെച്ചത്.