Connect with us

Book Review

മാധ്യമങ്ങളെക്കുറിച്ച് ഒരു മറുവായന

Published

|

Last Updated

ന്യൂസ്റൂമുകളിൽ നിന്നുള്ള കഥകൾ- യാസർ അറഫാത്ത് നൂറാനി 

സമീപകാലത്ത് വായിച്ച ഏറ്റവും മികച്ച പുസ്തകങ്ങളിലൊന്നാണ് യാസർ അറഫാത്ത് നൂറാനി എഴുതിയ ന്യൂസ്‌റൂമുകളിൽ നിന്നുള്ള കഥകൾ. മാധ്യമങ്ങളെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഇത്രമേൽ ലളിതമായ ഭാഷയിൽ, ഇത്രമേൽ മികച്ച ഉള്ളടക്കത്തോടെ ഒരു പുസ്തകം മുമ്പ് കണ്ടിട്ടില്ല. ദേശീയ, അന്തർദേശീയ, പ്രാദേശിക മാധ്യമങ്ങളിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ അടുത്തുനിന്ന് നോക്കിക്കാണുന്ന സമഗ്രമായ നിരീക്ഷണങ്ങളാണ് പ്രധാന ഉള്ളടക്കം.

മാധ്യമങ്ങൾ ലോകത്തുടനീളമുള്ള മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഏതെങ്കിലുമൊരു മാധ്യമവുമായി ബന്ധപ്പെടാത്ത ഒരു ദിവസം മലയാളിക്കില്ലല്ലോ. മാധ്യമ സാന്ദ്രത വളരെ കൂടിയ ഒരു ജീവിതസാഹചര്യത്തിൽ ജീവിക്കുന്ന നമുക്ക് കൂടുതൽ ഉൾക്കാഴ്ച നൽകുന്ന 36 അധ്യായങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഓരോ അധ്യായവും ഒന്നിനൊന്ന് മെച്ചം. നമ്മുടെ തന്നെ ജീവിതത്തെയും മാധ്യമങ്ങളുമായി ബന്ധപ്പെടുത്തിയുള്ള നമ്മുടെ തന്നെ ചിന്തകളെയും നവീകരിക്കുന്ന കരുത്തുറ്റ പഠനങ്ങൾ. ദേശീയ തലത്തിലുള്ള മാധ്യമങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള നിരീക്ഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഒരു പ്രധാന സവിശേഷത. നാം കാണുന്ന, വായിക്കുന്ന മാധ്യമങ്ങളുടെ പിന്നാമ്പുറങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പറഞ്ഞുതരികയും ബൗദ്ധികമായി വായനക്കാരെ മാധ്യമസാക്ഷരതയുടെ പക്വതയിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട് ഈ കൃതി.
നമ്മുടെ രാജ്യത്ത് നടന്ന സമീപകാല സംഭവങ്ങൾ മാധ്യമങ്ങൾ എങ്ങനെ കൈകാര്യം ചെയ്തുവെന്നും അത്തരം മാധ്യമരീതികളുടെ പ്രത്യാഘാതങ്ങൾ എന്തെല്ലാമെന്നും ആഴത്തിൽ അന്വേഷിക്കുന്ന നിരവധി അധ്യായങ്ങൾ ഈ പുസ്തകത്തിൽ കാണാം.

വാർത്താ ചാനലുകളുടെയും പത്രങ്ങളുടെയും ഓൺലൈൻ ന്യൂസ്‌പോർട്ടലുകളുടെയും വർത്തമാനങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്ന ഈ കൃതി മുഖ്യധാരയിൽ മുസ്‌ലിം വ്യവഹാരങ്ങളിലെ ഇടപെടലുകളെയും പഠനവിധേയമാക്കിയിട്ടുണ്ട്. അത് പക്ഷേ, ഇന്നോളം മലയാളത്തിലെ മുഖ്യധാരയിൽ വന്നിട്ടുള്ള, പറഞ്ഞുകേട്ടിട്ടുള്ള രീതിശാസ്ത്രങ്ങളെ കൃത്യമായി ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ഉദാഹരണത്തിന്, റുബെല്ല വാക്‌സിൻ വിഷയത്തിൽ എഴുത്തുകാരിയും ഡോക്ടറുമായ ഖദീജ മുംതാസിനെ മുൾമുനയിൽ നിർത്തുന്ന തീർത്തും പ്രസക്തമായ ചോദ്യങ്ങളോടെ ഒരു അധ്യായമുണ്ട്. ഖദീജ മുംതാസിന്റെ മതവും ശാസ്ത്രവും എന്നാണ് പ്രസ്തുത അധ്യായത്തിന്റെ തലവാചകം. അതിലെ ചില ചോദ്യങ്ങൾ ഇങ്ങനെയാണ്: ഖദീജ മുംതാസിനെ മുസ്്ലിം വിഷയങ്ങളിൽ വിദഗ്ധയായി കാണുകയും അവരുടെ മുസ്്ലിം നിലപാടുകളെ ആധികാരിക ഇസ്്ലാമിക അഭിപ്രായ പ്രകടനങ്ങളായി സ്വീകരിക്കുകയും ചെയ്യുന്നവരാണ് വാക്‌സിനേഷൻ വിഷയത്തിൽ അവരുടെ നിലപാടിനെ തള്ളിക്കളയുന്നത്. എന്തുകൊണ്ടാണ് ഒരു ആരോഗ്യവിദഗ്ധ എന്ന നിലയിൽ, ആരോഗ്യ പരിരക്ഷണ മേഖലയിൽ, പ്രത്യേകിച്ചും കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യ കാര്യത്തിൽ അക്കാദമിക പരിശീലനം ലഭിച്ച ഖദീജ മുംതാസിന്റെ വാക്‌സിൻ വിഷയത്തിലുള്ള അഭിപ്രായം പിന്തിരിപ്പനും അവർക്ക് യാതൊരുവിധ അക്കാദമിക യോഗ്യതയുമില്ലാത്ത ഇസ്്ലാം മതപഠനം സംബന്ധിച്ച കാര്യങ്ങളിലുള്ള അവരുടെ അഭിപ്രായങ്ങൾ വിദഗ്ധാഭിപ്രായങ്ങളായി ആഘോഷിക്കപ്പെടുകയും ചെയ്യുന്നത്? അപ്പോൾ, എന്താണ് യഥാർഥത്തിൽ ഒരാളുടെ അഭിപ്രായപ്രകടനത്തെ സ്വീകാര്യമാക്കുന്ന പ്രൊഫഷണൽ യോഗ്യത എന്നു പറയുന്നത്? മതവിഷയങ്ങളിൽ അക്കാദമിക പരിശീലനം ലഭിച്ച ഒരാളുടെ മതത്തെ കുറിച്ചുള്ള അഭിപ്രായം പലപ്പോഴും പിന്തിരിപ്പനായി കരുതുന്നവരാണ് പലരും. പക്ഷേ, ഈ പണ്ഡിതന്മാർക്ക് യാതൊരു വിധ അക്കാദമിക പരിശീലനവുമില്ലാത്ത വാക്‌സിനേഷൻ പോലുള്ള ഒരു വിഷയത്തിലുള്ള അവരുടെ നിലപാട് പുരോഗമനപരമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. ഈ വൈരുധ്യത്തെ നാം എങ്ങനെ വിശദീകരിക്കും?

ഇത്തരം നിർണായകമായ നിരവധി ചോദ്യങ്ങളാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്നത്. സ്ത്രീ ചേലാകർമ വാർത്തയിൽ മാതൃഭൂമിയുടെ രാഷ്ട്രീയം, ഏഷ്യാനെറ്റ് ന്യൂസ് മുസ്‌ലിം വാർത്തകളെ സമീപിക്കുന്നതിലെ പ്രശ്‌നങ്ങൾ ഉൾപ്പെടെ ഒരു മാധ്യമനിരീക്ഷകന്റെ ദീർഘകാലത്തെ ഗവേഷണങ്ങൾ വായിക്കുമ്പോൾ വായനക്കാർ സ്വയം എഡിറ്റിംഗിനും ഓഡിറ്റിംഗിനും വിധേയമാകുന്നു. നമ്മുടെ മുൻധാരണകൾ, സമീപനങ്ങൾ, ചിന്തകൾ- എല്ലാം തന്നെ പൊളിച്ചെഴുതുന്നു ഈ ഗ്രന്ഥം. അർനബ് ഗോസ്വാമിയുടെ ന്യൂസ്‌റൂം കഥകൾ മുതൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ വരെയുള്ള വൈവിധ്യങ്ങളാണ് വിഷയക്രമീകരണത്തിലെ പ്രത്യേകത.

വായിക്കാനും സൂക്ഷിച്ചുവെക്കാനുമുള്ള പുസ്തകമാണിത്. പ്രസാധനത്തെക്കുറിച്ച് നല്ല വാക്ക് മാത്രമേ എനിക്ക് പറയാനുള്ളൂ. ഇംഗ്ലീഷിലെ മികച്ച പുസ്തകങ്ങളുടെ നിലവാരത്തിലുള്ള പ്രൊഡക്്ഷൻ. നല്ല കവർ ഡിസൈൻ. നൂതനമായ രീതിയിലുള്ള അക്ഷരവിന്യാസവും ഭംഗിയും എളുപ്പത്തിലുള്ള വായനാനുഭവം നൽകുന്നു. പ്രസാധനം: എപിസ്റ്റമിക് ബ്രേക്‌സ്, കോഴിക്കോട്
വില 200 രൂപ.

Latest