Covid19
ബിഹാർ തിരഞ്ഞെടുപ്പ് കൊവിഡ് പശ്ചാത്തലത്തിൽ മാറ്റില്ലെന്ന് സുപ്രിം കോടതി

ന്യൂഡൽഹി| കൊവിഡ് 19 തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണമാകില്ലെന്ന് ചൂണ്ടിക്കാട്ടി ബിഹാർ തിരഞ്ഞെടുപ്പ് തടയാനാകില്ലെന്ന് സുപ്രിം കോടതി. അസാധാരണ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നായിരുന്നു ഹരജിക്കാരന്റെ വാദം. നിയമസഭാ തിരഞ്ഞെടുപ്പിന് ഇതുവരെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്തതിനാൽ അനവസരത്തിലുള്ള അപേക്ഷയാണെന്നും എല്ലാ കാര്യങ്ങളും കമ്മീഷൻ പരിഗണിക്കുമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബഞ്ച് പറഞ്ഞു. നവംബർ മാസത്തോടെ നടക്കാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സുപ്രിം കോടതി ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് അവിനാശ് താക്കൂറാണ് ഹരജി നൽകിയത്.
അസാധാരണ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവെക്കാമെന്ന് ജനപ്രാതിനിധ്യ നിയമത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട് എന്നായിരുന്നു ഹരജിക്കാരൻ കോടതിയെ അറിയിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകാൻ കോടതിക്ക് സാധിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.