International
ആരോഗ്യ പ്രശ്‌നങ്ങൾ രൂക്ഷമായി; രാജിവെക്കാനൊരുങ്ങി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ

ടോക്കിയോ| ആരോഗ്യപ്രശ്‌നങ്ങൾ രൂക്ഷമായതിനെ തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ നേതൃസ്ഥാനം രാജിവെക്കാനൊരുങ്ങുന്നതായി ജാപ്പനിസ് ദേശീയ മാധ്യമമായ എൻ എച്ച് കെ. ആരോഗ്യസ്ഥിതി മോശമാകുന്നത് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിൽ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം ഭയക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ന് അദ്ദേഹത്തിന്റെ വാർത്താസമ്മേളനം നടക്കാൻ പോകുന്നതിന് മുന്നോടിയായാണ് വാർത്ത പുറത്തുവിട്ടത്.
ചികിത്സയുടെ ഭാഗമായി ടോക്കിയോയിലെ ആശുപത്രി രണ്ട് തവണ സന്ദർശിച്ചതാണ് രാജി വാർത്തകൾക്ക് അടിസ്ഥാനം. ഗുരുതരമായ അൾസർ രോഗത്തിന് കഴിഞ്ഞ കുുറേ വർഷങ്ങളായി ചികിത്സയിലാണ് ഷിൻസോ ആബേ.
നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്ന ആബേയ്ക്ക് കൊവിഡ് പകർച്ച വ്യാധി പ്രതിരോധത്തിലെ പരാജയവും വലിയ തിരിച്ചടിയായി.
അതേസമയം, ഷിൻസോ ആബേയുടെ ആരോഗ്യസ്ഥിതിയിൽ കുഴപ്പമൊന്നുമില്ലെന്നാണ് ഭരണകക്ഷിയുടെ വിശദീകരണം. എന്നാൽ ഒരിക്കൽ ആശുപത്രിയിൽ എട്ട് മണിക്കൂർ നേരം ചെലവഴിച്ചതാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. പ്രധാനമന്ത്രി പദത്തിൽ 2021 സെപ്തംബർ വരെ ആബേക്ക് കാലാവധിയുണ്ട്. 2007ൽ മന്ത്രിസഭയിലെ അഴിമതിയും തിരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് നേരിടേണ്ടി വന്ന കനത്ത പരാജയവും മൂലം ആബേ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.