Connect with us

Covid19

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; പരിശോധന ഇരട്ടിയാക്കുമെന്ന് അരവിന്ദ് കെജരിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി| കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അതിനാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പരിശോധനാ നിരക്ക് കൂട്ടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇനി മുതല്‍ ഒരു ദിവസം 40,000പേരില്‍ പരിശോധന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഒരിക്കല്‍ കൊവിഡ് ബാധിച്ച് ഏറ്റവും മോശമായി മാറിയിരുന്ന ഡല്‍ഹിയിലെ സ്ഥിതി നിയന്ത്രണ വിധേയമായിരുന്നുവെന്നും വീണ്ടും അതേ അവസ്ഥയിലേക്ക് പോകില്ലെന്നും കെജരിവാള്‍ പറഞ്ഞു. ജനങ്ങള്‍ എത്രയും വേഗം പരിശോധന നടത്തണം. ലക്ഷണങ്ങള്‍ കാണിക്കാത്തതിനാല്‍ പരിശോധിക്കേണ്ട എന്ന ചിന്ത പാടില്ലെന്നും എത്രയും വേഗം പരിശോധന നടത്തണമെന്നും കെജരിവാള്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ചാല്‍ നിങ്ങള്‍ ഐസൊലേഷനില്‍ തുടരണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ഡല്‍ഹിയില്‍ രോഗമുക്തി നിരക്ക് 90 ശതമാനം ആണെന്നും മരണനിരക്ക് കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സാമൂഹിക അകലം പാലക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നഗരത്തില്‍ മാസ്‌ക് ഇല്ലാതെ കറങ്ങി നടന്നാല്‍ പോലീസ് പിഴ ഈടാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം, ചൊവ്വാഴ്ച ഡല്‍ഹിയില്‍ 1544 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം ഇത് ആദ്യമായാണ് ഇത്രയും കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ ഡല്‍ഹിയില്‍ 1.64 ലക്ഷം പേരില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, ഡല്‍ഹിയില്‍ മാത്രം ഇതുവരെ 4330 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.