National
തൂത്തുക്കുടി കസ്റ്റഡി മരണം: ജയരാജിനും ബെനിക്‌സിനും മാരകമായി പരുക്കേറ്റിരുന്നുവെന്ന് സി ബി ഐ കോടതിയില്‍

ചെന്നൈ| തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ പോലീസ് കസ്റ്റിഡയില്‍ മരിച്ച പിതാവും മകനും ക്രൂരമായ മര്‍ദനമേറ്റിരുന്നുവെന്ന് സി ബി ഐ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. പി ജയരാജിനും മകന്‍ ബെനിക്‌സിനും ഏറ്റ ക്രൂരമായ മര്‍ദനത്തില്‍ ആഴത്തില്‍ പരിക്കേറ്റിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും കസ്റ്റഡി മരണക്കേസില്‍ വാദം കേള്‍ക്കവേ സി ബി ഐ ഉദ്യോഗസ്ഥര്‍ മധുര ബഞ്ചിനെ അറിയിച്ചു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ബെനിക്‌സിന്റെ ശരീരത്തില്‍ 13 മുറിവുകളും ജയരാജിന്റെ ശരീരത്തില്‍ 17 മുറിവുകളുമുണ്ടായിരുന്നുവെന്നും ഇത് മരണകാരണമാണെന്നും സിബിഐ കോടതിയോട് പറഞ്ഞു. അതേസമയം, പോലീസുകാരായ മുത്തുരാജ്, മുരുകന്‍, തോമസ് ഫ്രാന്‍സിസ് എന്നിവരുടെ ജാമ്യാപേക്ഷയിലും കോടതി വാദം കേട്ടു.
കേസില്‍ 38 സാക്ഷി മൊഴികളും പോലീസുകാര്‍ ജയരാജിനെയും ബെനിക്‌സിനെയും മര്‍ദ്ദിക്കുന്നത് കണ്ട് രണ്ട് വനിതാ പോലീസുകാരുടെ മൊഴികളും സി ബി ഐ കോടതിയില്‍ ഹാജരാക്കി. അതേസമയം, ജയരാജിന്റെയും ബെനിക്‌സിന്റെയും കസ്റ്റഡി മരണം തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.