Kerala
തീപ്പിടിത്തം ആസൂത്രിതം: മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും വിളിച്ചുവരുത്തി ഗവര്‍ണര്‍ വിശദീകരണം ചോദിക്കണം- ചെന്നിത്തല

തിരുവനന്തപുരം | ഇന്നലെ സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തം അട്ടിമറിയാണെന്നും മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും വിളിച്ചുവരുത്തി ഗവര്‍ണര്‍ വിശദീകരണം ചോദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു ഡി എഫ് കരിദിനാചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തീപ്പിടിക്കാനുള്ള ഒരു സാഹചര്യവും അവിടെയില്ല. അവിടെ സെന്‍ട്രലൈസ്ഡ് എ സിയാണ്. എന്നാല്‍ അവിടെ ഒരു പഴയ ഫാന്‍ കെട്ടിതൂക്കിയിട്ടിട്ടുണ്ട്. അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകളാണ് നശിപ്പിച്ചത്. മുഖ്യമന്ത്രിയേയും ശിവശങ്കറിനേയും സ്വപ്‌ന സുരേഷിനേയും രക്ഷിക്കാനാണ് ഈ തീപ്പിടിത്തം. ഇവരെ രക്ഷിക്കാനാണ് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ പേര് വിശ്വാസ് മേത്തയെന്നാണ്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ അവിശ്വാസ് മേത്തയെന്നാണ്. ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തിലുള്ള സ്ഥലത്താണ് അട്ടിമറിയുണ്ടാത്. തിരുവനന്തപുരത്തെ എം എല്‍ എയായ ശിവകുമാര്‍ ഉള്‍പ്പെടെയുള്ളവരെ അങ്ങോട്ട് കയറ്റി വിട്ടില്ല. എം എല്‍ എമാര്‍ക്ക് സെക്രട്ടേറിയറ്റില്‍ കയറാന്‍ പോലീസിന്റെ അനുവാദം വേണം. പോലീസിനോട് ഒരു കാര്യം പറയുന്നു. മര്യാദക്കേട് കാണിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.