Connect with us

Kerala

സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം: നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത.സംഭവത്തില്‍ ഒന്നും മറച്ചുവെക്കാനില്ല. വിഷയത്തില്‍ രാഷ്ട്രീയ ആരോപണങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് നിഷ്പക്ഷ അന്വേഷണം നടത്തും -ചീഫ് സെക്രട്ടറി പറഞ്ഞു. സെക്രട്ടേറിയറ്റിനുള്ളില്‍ നിന്ന് മാധ്യമങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എത്തി പുറത്തിറക്കുകയും ചെയ്തു.

അതേസമയം, സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസിലുണ്ടായ തീപിടുത്തത്തില്‍ സുപ്രധാന ഫയലുകള്‍ നശിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രോട്ടോക്കോള്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ്. ഗസ്റ്റ്ഹൗസുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചതെന്നും പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചു.

ഇന്ന് വൈകുന്നേരമാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസില്‍ തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി തീ അണച്ചു. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

Latest