Connect with us

Kerala

സമരക്കളമായി സെക്രട്ടേറിയറ്റ് പരിസരം; ആളിക്കത്തി രാഷ്ട്രീയാഗ്നി

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായതിന് പിന്നാലെ തിരുവനന്തപുരത്ത് തെരുവ് യുദ്ധം. തീപിടിത്തത്തിന് പിന്നില്‍ ഗൂഢാലോചന ആരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ സെക്രട്ടേറിയറ്റ് പരിസരത്ത് പ്രതിഷേധിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, എസ്ഡിപിഐ തുടങ്ങിയ സംഘടനകളാണ് സെക്രട്ടേറിയറ്റ് പരിസരത്ത് പ്രതിഷേധാഗ്നിയുയര്‍ത്തുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നുണ്ട്. കൊവിഡ് പ്രോട്ടോകോള്‍ ഒന്നും പാലിക്കാതെയാണ് നേതാക്കളും പ്രവര്‍ത്തകരും ഒരുപോലെ സെക്രട്ടേറിയറ്റ് പരിസരത്ത് അഴിഞ്ഞാടുന്നത്.

കന്റോണ്‍മെന്റ് ഗേറ്റിന് മുന്നിലാണ് പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുന്നത്. പ്രകടനമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പോലീസ് ഇടപെട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാത്ത സ്ഥിതിയാണുള്ളത്.

ചൊവ്വാഴ്ച വൈകീട്ട് 4.45ഓടെയാണ് സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായത്. പൊതുഭരണ വകുപ്പ് ഓഫീസിലെ ചീഫ് പ്രേട്ടോകോള്‍ ഓഫീസറുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന മുറിയിലായിരുന്നു തീപിടുത്തം. ഇവിടെ സൂക്ഷിച്ചിരുന്ന ചില ഫയലുകള്‍ കത്തിനശിച്ചിട്ടുണ്ട്. ഓഫീസിലുണ്ടായിരുന്ന കമ്പ്യൂട്ടറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടാവുകയും തീപടരുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ സംഭവം നടന്ന് മിനുട്ടുകള്‍ക്കകം തന്നെ ഗൂഢാലോചന ആരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ് തീപിടുത്തത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട സ്ഥലം ചീഫ് പ്രോട്ടോകോള്‍ ഓഫീസറുടെ ഓഫീസാണ്. അവിടെ തീപിടുത്തം ഉണ്ടായെന്നാല്‍ അതിനര്‍ഥം തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം സെക്രട്ടേറിയറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

[irp]

എന്‍ഐഎയും ഇഡിയും ചോദിക്കുന്ന ഒന്നും കൊടുക്കാതെ സ്വര്‍ണക്കള്ളക്കടത്തിലൂടെ പ്രതികളായവരെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രിയും ഗവണ്‍മെന്റും ശ്രമിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു. പൊതുഭരണ വകുപ്പാണ് എല്ലാകാര്യങ്ങളും അന്വേഷിക്കുന്നത്. അവിടെ തീപിടുത്തമുണ്ടായത് സമഗ്രമായി അന്വേഷിക്കണം. തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അതിനെതിരെ പ്രതിപക്ഷം ശക്തമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി നേതാക്കളും സെക്രട്ടേറിയറ്റ് പരിസരത്ത് എത്തി. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പോലീസിനെയും ഉദ്യോഗസ്ഥരെയും തീപിടുത്തമുണ്ടായ സ്ഥലത്തേക്ക് പ്രവേശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ ഫോറന്‍സിക് പരിശോധന നടത്തണം. ഓഫീസില്‍ നിന്ന് ജീവനക്കാരെ മാറ്റിയതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തുടര്‍ന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ബിജെപി നേതാക്കള്‍ സ്ഥലത്തെത്തി. സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച ഇവരെ പോലീസ് തടഞ്ഞു. നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

[irp]

എന്നാല്‍ ഇതിന് പിന്നാലെ സെക്രട്ടേറിയറ്റ് പരിസരം സമരക്കളമായി മാറുന്നതാണ് കണ്ടത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച തുടങ്ങിയ സംഘടനകള്‍ നിരനിരയായി സെക്രട്ടേറിയറ്റ് പരിസരത്തേക്ക് എത്തുകയായിരുന്നു.

രാഷ്ട്രീയപ്രാധാന്യമുള്ള പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും ഹാജരാക്കാന്‍ എന്‍ഐഎ പ്രോട്ടോകോള്‍ ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ തീപിടുത്തമുണ്ടായത് രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണ് പ്രതിപക്ഷം.

ഒരു ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പ്രേട്ടോകോള്‍ ഓഫീസിലെ ജീവനക്കാരോട് ക്വാന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനിടയില്‍ ഇന്ന് രണ്ട് ജീവനക്കാര്‍ ഓഫീസിലെത്തി. ഇതില്‍ ദുരൂഹത ഉണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

[irp]