Connect with us

Kerala

സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ തീപിടിത്തം; ഫയലുകള്‍ കത്തിനശിച്ചതായി സംശയം

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടേറിയറ്റില്‍ തീപിടിത്തം. പൊതുഭരണ വകുപ്പ് ഓഫീസിലെ ചീഫ് പ്രേട്ടോകോള്‍ ഓഫീസറുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന മുറിയിലാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ തീപിടുത്തമുണ്ടായത്. ഏതാനും ഫയലുകൾ കത്തിനശിച്ചു. ജനല്‍ കര്‍ട്ടനുകളും കമ്പ്യൂട്ടറും കത്തിയിട്ടുണ്ട്.

ഓഫിസിലെ ഒരു കമ്പ്യൂട്ടറില്‍ നിന്നാണ് തീപടര്‍ന്നത് എന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി ഹണി സ്വകാര്യ ചാനലിനോട് പറഞ്ഞു. കമ്പ്യൂട്ടറിനോട് ചേര്‍ന്നുള്ള റാക്കിലെ ഫയലുകളാണ് ഭാഗികമായി കത്തിയത്. വിവിധ ഗസ്റ്റ്ഹൗസുകളുടെ ബുക്കിംഗുമായി ബന്ധപ്പെട്ട ഫയലുകളാണ് നശിച്ചതെന്നും സുപ്രധാന ഫയലുകള്‍ ഒന്നും നശിച്ചിട്ടില്ലെന്നും എല്ലാം സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പൊളിറ്റിക്കല്‍ ഓഫിസിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ട് ജീവനക്കാര്‍ മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. സംഭവമുണ്ടായ ഉടന്‍ തന്നെ സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്ന തീയണക്കല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചും ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയും തീ അണച്ചു. തീ പൂർണമായും നിയന്ത്രണവിധേയമായിട്ടുണ്ട്.

രാഷ്ട്രീയ പ്രാധാന്യമുള്ള പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും ഹാജരാക്കാന്‍ എന്‍ഐഎ പ്രോട്ടോകോള്‍ ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ തീപിടുത്തമുണ്ടായത് രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.

Latest