International
അമേരിക്കയില്‍ പ്രവര്‍ത്തന വിലക്ക്: ടിക് ടോക് കേസ് നല്‍കി

സാന്‍ഫ്രാന്‍സിസ്‌കോ | അമേരിക്കയില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വിലക്കിക്കൊണ്ട് ഡൊണാള്‍ഡ് ട്രംപ് ഭരണ കൂടം പാസാക്കിയ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെ ടിക് ടോക്ക് കേസ് കൊടുത്തു. തങ്ങളുടെയും തങ്ങളുടെ ജീവനക്കാരുടേയും അവകാശം സംരക്ഷിക്കാന്‍ വേറെ വഴിയില്ലാത്ത സാഹചര്യത്തിലാണ് കേസ് നല്‍കിയിരിക്കുന്നതെന്ന് ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് പറഞ്ഞു.
അമേരിക്കയില്‍ ഏതെങ്കിലും രീതിയിലുള്ള വാണിജ്യ ഇടപാടുകള്‍ നടത്തുന്നത് 45 ദിവസത്തേക്ക് വിലക്കിക്കൊണ്ടാണ് ഓഗസ്റ്റ് ആറിന് ഡൊണാള്‍ഡ് ട്രംപ് എക്സിക്യൂട്ടീവ് ഓര്‍ഡര്‍ പാസാക്കിയത്. ഓഗസ്റ്റ് 14 ന് ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ കൈമാറാന്‍ 90 ദിവസം സമയം നല്‍കിക്കൊണ്ടുള്ള ഉത്തരവും ട്രംപ് പുറപ്പെടുവിച്ചു.അതേസമയം ടിക് ടോക്ക് നല്‍കിയ കേസുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ടിക് ടോക്ക് ആപ്ലിക്കേഷനില്‍ ചൈനീസ് സര്‍ക്കാര്‍ കൃത്രിമത്വം കാണിക്കുമെന്ന ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് എക്സിക്യൂട്ടീവ് ഉത്തരവ് ടിക് ടോക്കിനെ നിരോധിക്കാന്‍ ശ്രമിക്കുന്നതെന്ന് ടിക് ടോക്ക് പരാതിയില്‍ പറഞ്ഞു.
ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും ഒരു അമേരിക്കന്‍ കമ്പനിക്ക് കൈമാറുകയോ നിരോധനം നേരിടുകയെ ചെയ്യണമെന്നാണ് അമേരിക്കന്‍ ഭരണകൂടം മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള കമ്പനികള്‍ ടിക് ടോക്കിന് മേല്‍ താല്‍പര്യം പ്രകടിപ്പിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.