Kerala
എത്ര ലീഗ് പ്രവര്‍ത്തകരാണ് സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായത്; കെ എം ഷാജിക്ക് മറുപടിയുണ്ടോ?- വീണ ജോര്‍ജ്

തിരുവനന്തപുരം | ഈ സര്‍ക്കാറിനെ മറിച്ചിടാമെന്നത് പ്രതിപക്ഷത്തിന്റെ വ്യാമോഹം മാത്രമാണ്. ഈ കപ്പല്‍ ആടി ഉലയില്ല. കാരണം ഇതിന് ഒരു കപ്പിത്താനുണ്ടെന്നും വീണ ജോര്‍ജ് എം എല്‍ എ. മുസ്ലിം ലീഗിന്റെ എത്ര പ്രവര്‍ത്തകരാണ് ഈ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായത്. കെ എം ഷാജിക്ക് അതിന് മറുപടിയുണ്ടോ?. റമീസും, മുഹമ്മദ് ഷാഫിയുമെല്ലാം ലീഗ് ബന്ധമുള്ളവരാണ്. ഒരാള്‍ ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുടെ ബന്ധുവാണ്. ഇത് മാത്രമല്ല, എത്രയോ സ്വര്‍ണക്കടത്ത് കേസുകളാണ് ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ ഉള്ളതെന്നും വീണ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു.
പ്രതിപക്ഷം കാണിച്ച രാഷ്ട്രീയ അബദ്ധമാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള തീരുമാനം. വി ഡി സതീശന്‍ അവതരിപ്പിച്ച പ്രമേയം അത്രയും ദുര്‍ബലമായ ഒന്നാണ്. എന്താണ് ഇവര്‍ പറയുന്ന കാര്യത്തിന്റെ ഉള്ളടക്കം എന്താണെന്ന് അവര്‍ക്ക് തന്നെ ബോധ്യമില്ല.
സര്‍ക്കാറിനെതിരെ കൃത്യമായ ഒരു ആരോപണം ഉന്നയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അഴിമതിയുടെ ചെളിക്കുണ്ടില്‍ കിടക്കാന്‍ ഇടതുപക്ഷത്തെ കിട്ടില്ല. അവര്‍ ആദ്യം അവിശ്വാസം അവതരിപ്പിക്കേണ്ടത് പ്രതിപക്ഷ നേതാവിനെതിരെയാണ്. എത്ര ദുര്‍ബലമായ വാദങ്ങളാണ് ഓരോ വിഷയത്തിലും അദ്ദേഹം കോടതിയില്‍ പോയി പറയുന്നത്.
നിങ്ങള്‍ സൃഷ്ടിച്ച പുകമറ ഒന്നും ഇവിടെ ഇല്ലായെന്ന് ഈ സഭയില്‍ ജനങ്ങള്‍ക്ക് വ്യക്തമാകുകയാണ്. ഈ സര്‍ക്കാറിനെയും മുന്‍ സര്‍ക്കാറിനെയും താരതമ്യം ചെയ്യാന്‍ ജനങ്ങള്‍ക്ക് അവസരം ഒരുക്കിയിരിക്കുകയാണ് പ്രതിപക്ഷമെന്നും വീണ കൂട്ടിച്ചേര്‍ത്തു.