Connect with us

Kerala

ഫേസ്ബുക്കിലെ വലിയ ചതി; മുന്നറിയിപ്പുമായി കേരള പോലീസ്

Published

|

Last Updated

തിരുവനന്തപുരം | ഫേസ്ബുക്ക് കേന്ദ്രീകരിച്ച് നടക്കുന്ന വലിയ തട്ടിപ്പ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്. നല്ല ആകര്‍ഷണമുള്ള ഫോട്ടോകളുള്ള ഫോട്ടോകളും മറ്റുംവെച്ച് ചിലര്‍ നടത്തുന്ന തട്ടിപ്പ് സംബന്ധിച്ചാണ് മുന്നറിയിപ്പ്. ആകര്‍ഷണീയമുള്ള ഫോട്ടോകളുമായി അപരിചിതരുടെ പ്രൊഫലുകളില്‍ നിന്നും നിങ്ങള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കുന്നതോടെ ഉണ്ടാകാന്‍ പോകുന്നത് വലിയ അപകടമാണെന്ന് പോലീസ് പറയുന്നു.

നിങ്ങള്‍ അത്തരം ഫ്രണ്ട് റിക്വസ്റ്റുകള്‍ അക്‌സപ്റ്റ് ചെയ്യുന്നതോടെ അവര്‍ നിങ്ങളോട് മെസ്സെഞ്ചറിലൂടെ ചാറ്റ് ചെയ്യുകയും, നിങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുകയും, നിങ്ങളുടെ വാട്‌സാപ്പ് നമ്പര്‍ കരസ്ഥമാക്കുകയും ചെയ്യുന്നു.
തുടര്‍ന്ന് നിങ്ങളോട് വാട്‌സാപ്പിലുടെ ചാറ്റ് ചെയ്യുകയും, വീഡിയോ കോള്‍ ഉള്‍പ്പടെ നടത്തുകയും, അശ്ലീല മെസേജുകള്‍ അയക്കുകയും, അവര്‍ പലവിധ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ അവരുടെ നഗ്‌ന വീഡിയോകള്‍ എന്ന് തോന്നിക്കുന്ന വീഡിയോകള്‍ നിങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് നിങ്ങളെ പ്രലോഭിപ്പിക്കും. നിങ്ങളുടെ നഗ്‌നത പ്രദര്‍ശിപ്പിക്കുവാന്‍ നിങ്ങളെ പ്രേരിപ്പിക്കും. നിങ്ങള്‍ വീഡിയോ കോളിലൂടെ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നത് അവര്‍ റിക്കോര്‍ഡ് ചെയ്യുകയും, അതിനു ശേഷം അത് നിങ്ങളുടെ ബന്ധുക്കള്‍ക്കും, കുടുബക്കാര്‍ക്കും, സുഹൃത്തുകള്‍ക്കും അയച്ച് നല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്യുന്നത്. പണം നല്‍കിയില്ലെങ്കില്‍ ഈ വീഡിയോകള്‍ യൂടൂബില്‍ അപ്ലോഡ് ചെയ്ത് അപമാനിക്കും. കുടുംബ ബന്ധങ്ങള്‍ വരെ തകരാന്‍ ഇത് കാരണമാകും.

ഉത്തരേന്ത്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചില ലോബികള്‍ ഇത്തരം തട്ടിപ്പുമായി ഇപ്പോള്‍ സജീവമാണ്. അടുത്തിടെ കേരളത്തിലേ ഒട്ടേറെ ആള്‍ക്കാര്‍ ഇത്തരം തട്ടിപ്പിന് ഇരയായിട്ടുണ്ട്. മാനഹാനിയും, വീഡിയോ പരസ്യപ്പെടുത്തുമെന്ന ഭീഷണിയും ഭയന്ന് പരാതി നല്‍കുന്നതിന് ആളുകള്‍ വിമുഖത കാണിക്കുകയാണ്.
അപരിചിതമായ ഫെയിസ്ബുക്ക് പ്രഫൈലുകളില്‍ നിന്നും, നമ്പറുകളില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന ഓരോ റിക്വസ്റ്റും അക്‌സപ്റ്റ് ചെയ്ത് സ്വയം ഹണിട്രാപ്പുകളില്‍ പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ നല്‍കുന്നവിവരങ്ങള്‍ പിന്‍തുടര്‍ന്ന് കുറ്റവാളികള്‍ നിങ്ങളെ വലയില്‍ വീഴ്ത്തിയേക്കാം. ആയതിനാല്‍ സോഷ്യല്‍ മീഡിയയില്‍ നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ ഒന്നും തന്നെ പരസ്യമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പോലീസ് പറഞ്ഞു.

 

Latest