National
അടുത്ത ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 182 സീറ്റിലും വിജയിക്കും: സി ആര്‍ പാട്ടീല്‍

ന്യൂഡല്‍ഹി| 2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപി 182 സീറ്റിലും വിജയിക്കുമെന്ന് സംസ്ഥാന പുതിയ ബി ജെ പി അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍. ഒരു മാസം മുമ്പാണ് പാട്ടീലിനെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്.
എട്ട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എട്ട് എം എല്‍ എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപ തിരഞ്ഞെടുപ്പ് നടത്തുന്നത്. ചില ആളുകള്‍ ഇത് അതിശയോക്തിയായി കണക്കാക്കാം. എന്നാല്‍ 2022ല്‍ 182 സീറ്റുകളും നേടുന്നതിനായി തങ്ങള്‍ മുന്നോട്ട് പോകുമെന്ന് പാട്ടീല്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി 26 ലോക്‌സഭാ മണ്ഡലങ്ങളില്‍ വിജയിച്ചിരുന്നു. അതിനാല്‍ ഇത് തങ്ങള്‍ക്ക് എളുപ്പമാകുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ ലക്ഷ്യംവെച്ച ബിജെപിക്ക് 99 സീറ്റാണ് നേടാനായത്. രാജ്യത്തെ ഏത് വലിയ സംസ്ഥാനത്തും ഒരൊറ്റ പാര്‍ട്ടിക്ക് 100 ശതമാനം വിജയിക്കാനാവില്ല എന്നത് സത്യമാണ്. എന്നാല്‍ തന്റെ പാര്‍ട്ടി അത് സാധ്യമാക്കുമെന്ന് പാട്ടീല്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗ്രൂപ്പിസം കളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.