Connect with us

Articles

അഞ്ചാം തൂണും ‘സംഘം' ചേരുമ്പോള്‍

Published

|

Last Updated

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെ കുറിച്ച് വോട്ടിംഗ് മെഷീനിലെ തട്ടിപ്പ് എന്നുമാത്രം ആശങ്കപ്പെടുന്നിടത്ത് നിന്ന് കുറച്ചുകൂടി ഗൗരവതരവും പ്രായോഗികവുമായ നിരീക്ഷണത്തിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി തിരിഞ്ഞു എന്നതാണ് ഫേസ്ബുക്കിന്റെ വിദ്വേഷ രാഷ്ട്രീയ പ്രീണനത്തോട് ഇപ്പോള്‍ പാര്‍ട്ടി തുറന്നുവെക്കുന്ന പ്രതിഷേധം വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ പൊതു മണ്ഡലത്തില്‍ കളവ് പ്രചരിപ്പിക്കാനും വിദ്വേഷം പടര്‍ത്താനും അഭിപ്രായ രൂപവത്കരണത്തില്‍ തെറ്റായ വിധം സ്വാധീനം ചെലുത്താനും ജനാധിപത്യത്തിന്റെ വിശ്വാസ്യത തകര്‍ക്കാനും സോഷ്യല്‍ മീഡിയ ഇടങ്ങള്‍ ബി ജെ പിയും ആര്‍ എസ് എസും ഉപയോഗിച്ചു എന്നത് ഒരു തിരഞ്ഞെടുപ്പ് വിജയ- പരാജയം എന്നതിനപ്പുറം രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളുടെ തകര്‍ച്ചയെ കുറിച്ചുള്ള ആശങ്കയെയാണ് ബലപ്പെടുത്തുന്നത്. മാത്രവുമല്ല, ഇന്ത്യയുടെ സാമൂഹിക പരിസരം വിദ്വേഷ രാഷ്ട്രീയ പ്രചാരത്താല്‍ ഇത്രമേല്‍ സങ്കുചിതമായതിന് ഫേസ്ബുക്കും ഫേസ്ബുക്ക് തന്നെ നടത്തുന്ന വാട്‌സ്ആപ്പും വഹിച്ച പങ്ക് തീരെ ചെറുതല്ല. ആ ഉത്തരവാദിത്വത്തില്‍ നിന്ന് അവര്‍ക്ക് പിന്മാറാനും നിവൃത്തിയില്ല.

സോഷ്യല്‍ മീഡിയകളിലൂടെയുള്ള വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രചാരണത്തെ സംബന്ധിച്ച ആശങ്കകള്‍ കോണ്‍ഗ്രസിനോ മറ്റുള്ളവര്‍ക്കോ ഇതാദ്യമല്ല. 2019ലെ തിരഞ്ഞെടുപ്പിനും മുമ്പേ, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി വരുന്നതിനും മുമ്പേ ഇതുസംബന്ധിച്ച ആശങ്കകള്‍ ഇവിടെ ഉയര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ബി ജെ പിയുടെ ഐ ടി സെല്‍ സൃഷ്ടിച്ച മോശം പ്രതിച്ഛായ മുതല്‍ കോണ്‍ഗ്രസ് വിരുദ്ധത വരെ രാഹുല്‍ ഗാന്ധി തന്നെ പരസ്യമായി എടുത്തുപറഞ്ഞിരുന്നു. 2017ല്‍, രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമെന്ന് കരുതുന്ന അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ യൂനിവേഴ്സിറ്റി ഓഫ് ബെര്‍ക്ലിയില്‍ നടത്തിയ പ്രസംഗം ആരംഭിക്കുന്നത് തന്നെ ബി ജെ പി. ഐ ടി സെല്ലിന്റെ തനിക്കെതിരായ “പപ്പു” വിളികളെ ചൂണ്ടിക്കാട്ടിയാണ്. എങ്കിലും വാള്‍സ്ട്രീറ്റ് ജേണലില്‍ കഴിഞ്ഞ ദിവസം വന്ന ഒരു ലേഖനമാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണമായിരിക്കുന്നത്. ഇന്ത്യയില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് ഫേസ്ബുക്ക് കൈക്കൊണ്ടതെന്ന് ലേഖനം വിലയിരുത്തുന്നു. ഇന്ത്യയിലെ സംഘ്പരിവാര്‍ നേതാക്കള്‍ പോസ്റ്റ് ചെയ്യുന്ന, ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍സിന് നിരക്കാത്ത ഉള്ളടക്കമുള്ള കാര്യങ്ങള്‍ക്ക് നേരേ നടപടി എടുക്കേണ്ടതില്ലെന്നും അത് ഇന്ത്യയിലെ ഫേസ്ബുക്കിന്റെ പ്രതിച്ഛായയെ സ്വാധീനിക്കുമെന്നും ഫേസ്ബുക്ക് ഇന്ത്യ മേധാവികളിലൊരാളായ ആൻഖി ദാസ് നിലപാടെടുത്തു എന്നാണ് ജേണല്‍ പറയുന്നത്. ഈ വിവരം കൈമാറിയ തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്നും വാര്‍ത്തകള്‍ വരുന്നു.

ലോകത്തിലേറ്റവും വലിയ ജനാധിപത്യ രാജ്യത്ത് നിന്ന് ഉയര്‍ന്നുവരുന്ന വിമര്‍ശത്തെയും പ്രതിഷേധത്തെയും ഏതുതരത്തിലാണ് ഫേസ്ബുക്ക് നേരിടുന്നത് എന്നാണ് ഇപ്പോള്‍ ഈ കണ്ടുകൊണ്ടിരിക്കുന്നത്. അല്ലെങ്കിലും ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം ഇതൊരു വിഷയമേ അല്ലതാനും. ലോകത്ത് പല ഭാഗങ്ങളിലായി ഉയര്‍ന്നുവരുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന് പൊതുമണ്ഡലത്തിലേക്ക് ഇറങ്ങിച്ചെല്ലാനും അഭിപ്രായ രൂപവത്കരണം നടത്താനും ഫേസ്ബുക്കും ഫേസ്ബുക്കിന്റെ ഡാറ്റകളും ഉപയോഗിക്കപ്പെടുന്നു എന്ന വിമര്‍ശനങ്ങള്‍ ഇതിനോടകം ഒട്ടനവധി ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ തന്നെ ഇതുസംബന്ധിച്ച് വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായതുമാണ്. വികസിത രാജ്യങ്ങളേക്കാള്‍ കൂടുതല്‍ വികസ്വര രാജ്യങ്ങളിലാണ് ഫേസ്ബുക്ക് സജീവമെങ്കിലും കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും തുടര്‍ന്നും ഫേസ്ബുക്ക് വലതുപക്ഷ നേതാക്കന്മാരുടെ ക്യാമ്പയിനറെ പോലെ ഇടപെട്ടു എന്ന് യു എസ് കോണ്‍ഗ്രസിലെ പ്രതിനിധികള്‍ തന്നെ ചൂണ്ടിക്കാട്ടിയതാണ്.

ഇതുസംബന്ധിച്ച് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ കോണ്‍ഗ്രസിലേക്ക് വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുകയും വിചാരണ നടത്തുകയും ചെയ്തിരുന്നു. അന്ന് കോണ്‍ഗ്രസ് പ്രതിനിധികളായ റാശിദ താലിബ്, അലക്സാന്‍ഡ്രിയ കോര്‍ടെക്‌സ്, കാത്തി പോര്‍ട്ടര്‍, അയന്ന പ്രെസ്ലി തുടങ്ങിയവരുടെ ചോദ്യശരങ്ങള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കുകയായിരുന്നു സുക്കര്‍ബര്‍ഗ്. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തും മറ്റും ചില പ്രത്യേക പാര്‍ട്ടിക്കും നേതാക്കള്‍ക്കും മാത്രമായി യാതൊരു അടിസ്ഥാനവുമില്ലാത്ത വിവരങ്ങള്‍ അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പങ്കുവെക്കാനും പരസ്യം ചെയ്യാനും എന്തുകൊണ്ട് ഫേസ്ബുക്ക് തുനിഞ്ഞു എന്നതായിരുന്നു പ്രധാനപ്പെട്ട ഒരു ചോദ്യമെങ്കിലും സുക്കര്‍ബര്‍ഗിന് ഉത്തരം മുട്ടി. ഇന്ത്യയിലും ഉയരുന്ന ചോദ്യമിതാണ്. ഇവിടെ കോണ്‍ഗ്രസ് പറയുന്നത്, രണ്ടാം യു പി എ സര്‍ക്കാറിന്റെ അവസാന വര്‍ഷങ്ങളില്‍ തന്നെ ബി ജെ പി ഫേസ്ബുക്കുമായി ധാരണയില്‍ എത്തിയിരുന്നു എന്ന ആരോപണമാണ്. ഇന്ത്യയിലെ മാധ്യമങ്ങളെ സംഘ്പരിവാരം വിലക്കെടുത്തതുപോലെ ഫേസ്ബുക്കിനെയും കൂട്ടുപിടിച്ചാണ് ഫാസിസം അധികാരത്തിലേക്ക് നടന്നു വന്നതെന്ന് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നു.

ഇന്ത്യയിലും അമേരിക്കയിലും മാത്രമല്ല, ബ്രെക്‌സിറ്റിലും ഫേസ്ബുക്ക് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പരാതിയുണ്ട്. ലോകത്തെല്ലായിടത്തുമുള്ള മുതലാളിത്ത- വലതുപക്ഷ- വിദ്വേഷ രാഷ്ട്രീയത്തിന്റെ ഓണ്‍ലൈന്‍ പ്രചാരകരായി ഫേസ്ബുക്ക് മാറിയെന്നത് ഈ നൂറ്റാണ്ടില്‍ ലോകം വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറിയായി വേണം മനസ്സിലാക്കാന്‍.

ഉപയോഗിക്കുന്നവരുടെ എണ്ണമെടുത്താല്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമാക്കാന്‍ മാത്രം സ്വാധീനമുണ്ട് ഫേസ്ബുക്കിന്. പോരാത്തതിന് ഫേസ്ബുക്ക് ഡാറ്റകള്‍ ശേഖരിക്കുകയും അവ വാണിജ്യ- രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നവര്‍ക്ക് ചോര്‍ത്തുകയും ചെയ്യുന്നു എന്ന അതീവ ഗൗരവവും ആശങ്കാജനകവുമായ മറ്റൊരു അപകട സാധ്യതയെ പറ്റിയും ചര്‍ച്ചകള്‍ സജീവമാണല്ലോ. 2015ല്‍ സ്ഥാപിതമായ കേംബ്രിഡ്ജ് അനലറ്റിക്ക എന്ന ഓണ്‍ലൈന്‍ ഡാറ്റാ സമാഹരണ സംരംഭം ഫേസ്ബുക്കിലെ വിവരങ്ങള്‍ വ്യാപകമായി ചോര്‍ത്തിയെന്നും അവ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ ഉപയോഗിച്ചുവെന്നും ആരോപണമുയര്‍ന്നിരുന്നു. ഫേസ്ബുക്കിലെ വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നതായി സുക്കര്‍ബര്‍ഗ് തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു. എല്ലാം ഫേസ്ബുക്കിന്റെ അറിവോടെ ആയിരുന്നു എന്ന് കേംബ്രിഡ്ജ് അനലറ്റിക്ക വിട്ടുപോയ തൊഴിലാളികളും സംരംഭകരും തന്നെ പറയുകയും ചെയ്തു.

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ തകിടം മറിച്ചതിനും ജനാധിപത്യ സംവിധാനം ദുര്‍ബലപ്പെടുത്തിയതിനും ഫേസ്ബുക്ക് കമ്പനി നിയമത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്. ഫേസ്ബുക്കുമായി ഏതെങ്കിലും തരത്തിലുള്ള ഉപജാപം സംഘ്പരിവാര്‍ നടത്തിയിട്ടുണ്ടെങ്കില്‍ അവരും ഈ വിഷയത്തില്‍ നിയമത്തിനു മുന്നില്‍ കീഴൊതുങ്ങിയേ മതിയാകൂ. എന്നാല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ട ജോയിന്റ് പാര്‍ലിമെന്ററി കമ്മിറ്റിയുടെ അന്വേഷണം പോലും നടക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. വാള്‍സ്ട്രീറ്റ് ജേണല്‍ പോലെ ലോകോത്തരമായ ഒരു മാധ്യമം ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു പ്രശ്‌നം എന്ന നിലക്കും പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെടുന്ന സാഹചര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴെടുക്കുന്ന ഈ നിലപാട് തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണ്. ജനങ്ങള്‍ക്ക് ഈ വിഷയത്തിലുണ്ടായിട്ടുള്ള ആശങ്കയെ അഭിമുഖീകരിക്കാതെ എങ്ങനെയാണ് തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ മാറിനില്‍ക്കുക? നേരത്തേ സൂചിപ്പിച്ചതുപോലെ ഇതൊരു തിരഞ്ഞെടുപ്പ് ജയ- പരാജയമെന്നതിനേക്കാള്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെയും പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും മൊത്തത്തില്‍ സാമൂഹിക ഘടനയുടെ തന്നെയും പ്രശ്‌നമാണ്. എന്നിരിക്കെ സര്‍ക്കാര്‍ അന്വേഷണത്തിന് മുതിരാത്തത് സംഘ്പരിവാര്‍ അധികാരത്തിലേക്ക് വരച്ച പദ്ധതികളുടെ കൂട്ടത്തില്‍ ഫേസ്ബുക്കുമായൊരു അവിശുദ്ധ ബന്ധം കൂടിയുണ്ടായിരുന്നു എന്ന സംശയത്തിലേക്കാണ് കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

“നിങ്ങളുടെ ഇഷ്ടപ്പെട്ട സിനിമാ നടനാരാണ്? 50 വര്‍ഷം കഴിയുമ്പോള്‍ നിങ്ങള്‍ എങ്ങനെയിരിക്കും? നിങ്ങളെ കുറിച്ച് ഒരു സിനിമയെടുത്താല്‍ നിങ്ങളായി ആരാണ് അഭിനയിക്കുക?” എന്നുതുടങ്ങി പല വിധത്തിലും കോലത്തിലും നമുക്കിടയില്‍ പ്രചരിക്കുന്ന പല “കളികളും” വെറും കളികളല്ല എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സോഷ്യല്‍ മീഡിയകള്‍ പലപ്പോഴും ജനങ്ങളുടെ ഉപഭോഗ തിരഞ്ഞെടുപ്പുകളെയും ആഗ്രഹങ്ങളെയും മനസ്സിലാക്കാനും വിവരങ്ങള്‍ ശേഖരിക്കാനുമുള്ള കുത്തകകളുടെ എളുപ്പത്തിലുള്ള മാര്‍ഗങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നത് തര്‍ക്കമില്ലാത്ത വിഷയവുമാണ്. ഓണ്‍ലൈനില്‍ നമ്മുടെ സ്വകാര്യത നമ്മുടെ അവകാശമല്ലെന്ന് വിശ്വസിക്കുന്ന ഒരു സര്‍ക്കാറാണ് നമ്മെ ഭരിക്കുന്നതെന്ന് കൂടി നാം ഓര്‍ക്കണം. അതേസമയം, വെറുപ്പിന്റെ രാഷ്ട്രീയം ഇത്രമേല്‍ രൂക്ഷമായ ഒരു സമൂഹത്തില്‍ സോഷ്യല്‍ മീഡിയ ഇടങ്ങളെ നിയന്ത്രിക്കാന്‍ മേധാവികള്‍ തുനിയുന്നില്ലെങ്കില്‍ അതാരെ സഹായിക്കാനാണെന്ന് പറയേണ്ടതില്ലല്ലോ. ഇസ്‌ലാമോ ഫോബിക്കായ, മുസ്‌ലിം വിരുദ്ധമായ ഉള്ളടക്കങ്ങള്‍ തടയാതെ സംഘ്പരിവാര്‍ താത്പര്യങ്ങള്‍ക്ക് ചൂട്ടുപിടിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഫേസ്ബുക്കിന്റെ തന്നെ പതിനൊന്ന് എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥന്മാര്‍ ഫേസ്ബുക്ക് അധികൃതരെ സമീപിച്ചിട്ടുണ്ട് എന്നാണ് പുതിയ വാര്‍ത്തകള്‍.
വടക്കു കിഴക്കന്‍ ഡല്‍ഹി കലാപം ആസൂത്രണം ചെയ്യപ്പെട്ടത് തീവ്ര ഹിന്ദുത്വ താത്പര്യക്കാരുടെ വാട്‌സ്ആപ്പുകളിലൂടെയായിരുന്നത്രെ. സൂക്ഷ്മമായി ഇത്തരം വാട്‌സ്ആപ്പ് സങ്കേതങ്ങള്‍ നിരീക്ഷിക്കുന്ന മാസ് കമ്യൂണിക്കേഷന്‍ ഗവേഷകരും അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരും ഇതിനോടകം ഇത് ചൂണ്ടിക്കാണിക്കുകയുണ്ടായി. ഡല്‍ഹി പോലീസിന് മാത്രമാണല്ലോ ഇതേ കുറിച്ച് ഇപ്പോഴും “അറിവില്ലാത്തത്”.

മുമ്പത്തേതിനേക്കാള്‍ പെട്ടെന്ന് കിംവദന്തികള്‍ പ്രചരിപ്പിക്കാന്‍ വാട്‌സ്ആപ്പുകള്‍ സൗകര്യം കൊടുക്കുന്നുണ്ടല്ലോ. വാട്‌സ്ആപ്പുകളിലൂടെ എങ്ങനെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാമെന്ന് കാര്യകര്‍ത്താക്കള്‍ക്ക് പരസ്യമായി ക്ലാസെടുത്ത പാര്‍ട്ടി പ്രസിഡന്റ് ഇപ്പോള്‍ ആഭ്യന്തര മന്ത്രി കൂടിയായി. ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബി ജെ പിയുടെ ആസ്ഥാനത്ത് ഒരു നില മുഴുവന്‍ വ്യാജ വാര്‍ത്തകള്‍ നിര്‍മിക്കാനും പ്രചരിപ്പിക്കാനുമുള്ള സര്‍വ സന്നാഹങ്ങളുമായി ഐ ടി സെല്‍ സജീവമാണ്. ഇന്ത്യയില്‍ നിലവില്‍ മറ്റൊരു പാര്‍ട്ടിക്കും ചിന്തിക്കാന്‍ പറ്റാത്തത്ര ബാഹുല്യമാണ് സോഷ്യല്‍ മീഡിയയില്‍ ബി ജെ പിയുടെ ഐ ടി സെല്‍ പടച്ചുവിടുന്നത്. ഇങ്ങനെയൊരു പ്രതിസന്ധി മറികടക്കുക അത്ര എളുപ്പവുമല്ല. സോഷ്യല്‍ മീഡിയ നൈതികതയെ പറ്റി ഉപദേശം കൊടുക്കാന്‍ പറ്റിയ ഇടമല്ലല്ലോ സംഘ്പരിവാറിന്റെ നുണ ഫാക്ടറി എന്നതു തന്നെയാണ് ഏറ്റവും വലിയ കടമ്പ.

Latest