Connect with us

Education

നീറ്റ്, ജെ ഇ ഇ പരീക്ഷകള്‍ മാറ്റിവക്കില്ല; മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതം: എന്‍ ടി എ

Published

|

Last Updated

ന്യൂഡല്‍ഹി | നീറ്റ്, ജെ ഇ ഇ പരീക്ഷകള്‍ മാറ്റിവക്കില്ലെന്ന് വ്യക്തമാക്കി ദേശീയ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ). നേരത്തെ തീരുമാനിച്ച പ്രകാരം ജെ ഇ ഇ പരീക്ഷ അടുത്ത മാസം ഒന്നു മുതല്‍ ആറ് വരെ തന്നെ നടത്തും. വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷ അടുത്ത മാസം 13ന് നടക്കും. ഇതിനുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഉടന്‍ ലഭ്യമാക്കുമെന്നും ദേശീയ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. പരീക്ഷകള്‍ മാറ്റിവക്കാന്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ഇതിനു വിരുദ്ധമായ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും എന്‍ ടി എ വ്യക്തമാക്കി.

കൊവിഡ് മാനദണ്ഡ പ്രകാരമായിരിക്കും പരീക്ഷ നടത്തുക. കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ച യു ജി സി നെറ്റ് അടക്കമുള്ള പരീക്ഷകളുടെ പുതുക്കിയ തീയതിയും ദേശീയ ടെസ്റ്റിംഗ് ഏജന്‍സി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മെയ് – ജൂണ്‍ മാസങ്ങളില്‍ നടക്കേണ്ടിയിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതിയാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം യു ജി സി നെറ്റ് പരീക്ഷ അടുത്ത മാസം 16 മുതല്‍ 18 വരെയും 21 മുതല്‍ 25 വരെയും നടക്കും. ഡല്‍ഹി സര്‍വകലാശാലയുടെ പ്രവേശന പരീക്ഷ അടുത്ത മാസം ആറ് മുതല്‍ പതിനൊന്ന് വരെയും ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയുടെ പി എച്ച് ഡി പ്രവേശന പരീക്ഷ ഒക്ടോബര്‍ നാലിനും നടത്തും. പരീക്ഷകളുടെ ഹാള്‍ ടിക്കറ്റ് പരീക്ഷാ തീയതിയുടെ പതിനഞ്ച് ദിവസം മുമ്പ് വൈബ് സൈറ്റില്‍ ലഭ്യമാക്കുമെന്നും എന്‍ ടി എ അറിയിച്ചിട്ടുണ്ട്.