Connect with us

National

15കാരി പൂ പറിച്ചു; ഒഡീഷയില്‍ 40 ദളിത് കുടുംബങ്ങളെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കി

Published

|

Last Updated

ഭുവനേശ്വര്‍ |  സവര്‍ണ ജാതിയില്‍പ്പെട്ട ഒരാളുടെ വീട്ടില്‍ നിന്ന് 16 വയസ്സുള്ള ഒരു പെണ്‍കുട്ടി ഒരു പൂ പറിച്ചതിന് ഒഡീഷയില്‍ 40 ദളിത് കുടുംബങ്ങളെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കി. ഒഡീഷ ദേന്‍കനാല്‍ ജില്ലയിലെ കാന്റിയോ കട്ടേനി ഗ്രാമത്തിലാണ് തൊട്ടുകൂടായ്മയുടേയും തീണ്ടലിന്റേയും പേരിലുള്ള ക്രൂര ഊരുവിലക്ക്. രണ്ട് ആഴ്ചയായി 40 കുടുംബങ്ങള്‍ ഗ്രാമത്തില്‍ ആട്ടിയോടിക്കപ്പെട്ടിട്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൂ മോഷ്ടിക്കപ്പെട്ടതായി ഒരു കുടുംബം പരാതി ഉന്നയിച്ചതോടെ ഗ്രാമത്തിലെ രണ്ട് ജാതികള്‍ തമ്മിലുള്ള ഏറ്റമുട്ടലിലേക്ക് ഇത് നീങ്ങി. വൈകാതെ ദളിത് സമുദായത്തില്‍ പെട്ടവരെഗ്രാമത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്നാണ് വിവരം. സവര്‍ണരുടെ വീട്ടില്‍ നിന്ന് മകള്‍ പൂ പറിച്ചതില്‍ തങ്ങള്‍ മാപ്പ് ചോദിച്ചതായി പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. എന്നാല്‍ ഗ്രാമത്തിലെ ഒരു വിഭാഗം യോഗം ചേര്‍ന്ന് താമസ സ്ഥലത്ത് നിന്നും പുറത്താക്കുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു. തങ്ങളോട് സംസാരിക്കാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും ഗ്രാമത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ വിലക്കുണ്ടെന്നും ഇവര്‍ പറയുന്നു.

ഗ്രാമത്തില്‍ മൊത്തം 800 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതില്‍ 40 കുടുംബങ്ങള്‍ പട്ടികജാതിയില്‍ പെട്ട നായിക് സമുദായക്കാരാണ്. ഇവര്‍ക്ക് ഗ്രാമത്തിലെ പൊതുനിരത്തുകള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഇവരുടെ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും പരാതിയുണ്ട്. സമുദായത്തില്‍പെട്ട അധ്യാപകരോട് മറ്റെവിടേക്കെങ്കിലും ജോലി തേടി പോകാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. സമുദായത്തിലെ ഭൂരിഭാഗവും കര്‍ഷകരാണ്. വയലുകളില്‍ ജോലി ചെയ്യാനും ഇവര്‍ക്ക് വിലക്കുണ്ട്.ഗ്രാമത്തില്‍ നിന്ന് ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലുമുള്ള അനുവാദമില്ലെന്നും ഇവര്‍ പറയുന്നു.
ജില്ലാ ഭരണകൂടത്തിനും പോലീസിനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല.

 

 

Latest