Connect with us

Gulf

വിശുദ്ധ കഅ്ബയുടെ കിസ്​വ താഴ്ത്തി കെട്ടി

Published

|

Last Updated

മക്ക | ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിച്ചതോടെ ഹജ്ജിന് മുന്നോടിയായി ഉയര്‍ത്തികെട്ടിയ വിശുദ്ധ കഅബാലയത്തെ അണിയിച്ചിരുന്ന കിസ്​വ താഴ്ത്തികെട്ടി. ഹജ്ജ് സമയങ്ങളില്‍ ഹറമിലേക്ക് തീര്‍ത്ഥാടക ലക്ഷങ്ങള്‍ ഒഴുകിയെത്തുന്നതോടെ കിസ്​വക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനാണ് എല്ലാ വര്‍ഷവും കിസ്‌വ ഉയര്‍ത്തികെട്ടുന്നത്. ദുല്‍ഹിജ്ജ ഒന്‍പതിന് കഅബാലയത്തെ പുതിയ കിസ്‌വ അണിയിക്കുകയും പിന്നീട് ഉയര്‍ത്തി കെട്ടുകയുമായിരുന്നു.

ഇരുഹറം കാര്യ മന്ത്രാലയ മേധാവി ഡോ. അബ്ദുള്‍ റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈസിന്റെ മേല്‍നോട്ടത്തില്‍ കിംഗ് അബ്ദുല്‍ അസീസ് കോംപ്ലക്സിലെ കിസ്​വ ജീവനക്കാരാണ് ജോലികള്‍ക്ക് പൂര്‍ത്തിയാക്കിയത്.

കറുത്ത പട്ടു തുണിയില്‍ സ്വര്‍ണ നൂലുകള്‍ നെയ്‌തെടുത്തു നിര്‍മിക്കുന്ന കിസ്‌വ മക്കയിലെ ഉമ്മുല്‍ ജൂദ് കിസ്വ നെയ്ത്ത് ഫാക്ടറിയില്‍ ഒരു വര്ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. ഏകദേശം 22 കോടി രൂപയാണ് കിസ്​വയുടെ നിര്‍മ്മാണ ചിലവ്.