Kerala
കൊവിഡ് വ്യാപനത്തില്‍ ആശങ്കയോടെ കേരളം; ആറ് ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം രോഗികളും അമ്പതിലധികം മരണങ്ങളും

തിരുവനന്തപുരം | കൊവിഡ് വൈറസ് വ്യാപനത്തില്‍ ആശങ്കയുടെ കണക്കുകളാണ് സംസ്ഥാനത്തുനിന്നും പുറത്തുവരുന്നത്്. 6 ദിവസം കൊണ്ട് 10,523 രോഗികളും 53 മരണവുമാണ് കേരളത്തിലുണ്ടായത്. മരണങ്ങളുടെ 58 ശതമാനവും പുതിയ കാല്‍ലക്ഷത്തിലധികം രോഗികളും സംസ്ഥാനത്തുണ്ടായത് ഈ മാസത്തിലാണ്. അടിയന്തിരഘട്ടം മറികടക്കാന്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ഐസിയു പരിശീലനം നല്‍കും.
രോഗികളുടെ എണ്ണത്തില്‍ സെപ്തംബറോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച വന്‍ വര്‍ധനവ് നേരത്തേയാകുമെന്ന ആശങ്കയാണ് കണക്കുകള്‍ മുന്നോട്ട് വെക്കുന്നത്. ആഗസ്ത് 14 മുതല്‍ 19 വരെ 6 ദിവസങ്ങള്‍ക്കുള്ളില്‍ 10523 പുതിയ രോഗികളാണുണ്ടായത്. മരണസംഖ്യയും പൊടുന്നനെ കൂടി. ആറ് ദിവസത്തിനിടെ 53 മരണം. 8 മരണങ്ങളെ ഔദ്യോഗികമായി ഒഴിവാക്കിയെങ്കില്‍ ഫലം കാക്കുന്നവയും ഇതുവരെ പട്ടികയില്‍ പെടാത്തവയും വേറെയുണ്ട്.
മൊത്തം 182 മരണങ്ങളില്‍ 106ഉം ആഗസ്ത് മാസത്തിലെ 19 ദിവസത്തിനുള്ളില്‍. അതായത് 58 ശതമാനം മരണവും ഈ മാസം തന്നെ. ഒഴിവാക്കിയ 60 മരണങ്ങള്‍ വേറെയുമുണ്ട്. 26,618 പുതിയ രോഗികളുണ്ടായതും ഈ 19 ദിവസങ്ങള്‍ക്കിടെയാണ്. മൊത്തം രോഗികളുടെ എണ്ണം ആഗസ്തില്‍ തന്നെ ഒരു ലക്ഷം കടന്നേക്കുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. അങ്ങനെയെങ്കില്‍ വെന്റിലേറ്ററുകളും ഐസിയുകളും നിറയുന്നത് മുന്നില്‍ കാണേണ്ട സാഹചര്യമാണുള്ളത്. പരമാവധി മരണങ്ങളൊഴിവാക്കാനാണ് അത്യാഹിത വിഭാഗം ഡോക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ ഐസിയു വെന്റിലേറ്റര്‍ പരിശീലനം നല്‍കുന്നത്. 524 പേര്‍ക്കാണ് പരിശീലനം നല്‍കുക. കൊവിഡ് ബ്രിഗേഡും ഉടന്‍ സജ്ജമാകും.