International
സൈനിക അട്ടിമറിക്ക് പിന്നാലെ മാലി പ്രസിഡന്റ് രാജിവെച്ചു

ബമോക്കോ | ആഭ്യന്തര കലഹം രൂക്ഷമായ പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക അട്ടിമറിക്ക് പിന്നാലെ പ്രസിഡന്റ് ഇബ്രാഹിം ബൗബക്കര്‍ കെയ്റ്റ രാജിവച്ചു. ചൊവ്വാഴ്ച അദ്ദേഹത്തെ സൈന്യം തടവിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജി. ഭരണകൂടവും പാര്‍ലിമെന്റും പിരിച്ചുവിടുന്നുവെന്നും അദ്ദേഹം അറിയിച്ചു. താന്‍ ഭരണത്തില്‍ തുടരുന്നതു കാരണം രാജ്യത്ത് രക്തചൊരിച്ചില്‍ ഉണ്ടാകരുത്.
അതേസമയം ഭരണം ഔദ്യോഗികമായി സൈന്യം ഏറ്റെടുത്തോ എന്ന് വ്യക്തമല്ല. അങ്ങനെ സൈന്യം ഭരണം പിടിച്ചെടുത്താല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം പ്രസിഡന്റ് ഇബ്രാഹിം ബൗബാക്കര്‍ കെയ്റ്റയേയും പ്രധാനമന്ത്രി സിസ്സിയേയും സൈന്യം തടവിലാക്കുകയായിരുന്നു. പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും വിമതരും തെരുവിലിറങ്ങിയതിന് പിന്നാലെയാണ് സൈന്യം അട്ടിമറിനീക്കം നടത്തിയത്.
പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും കവചിത വാഹനത്തില്‍ സൈനികര്‍ കട്ടിയിലേക്ക് കൊണ്ടുപോയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തലസ്ഥാനമായ ബമാക്കോക്ക് സമീപമാണ് കട്ടി നഗരം. രാജ്യത്തെ പ്രധാന സൈനിക താവളവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തുവെന്നും സുരക്ഷാ വിഷയങ്ങള്‍ നിരുത്തരവാദപരമായി കൈകാര്യം ചെയ്തുവെന്നും ആരോപിച്ചാണ് പ്രസിഡന്റിന് എതിരെ ജനം തെരുവിലിറങ്ങിയത്. ഒരാഴ്ചയിലേറെയായി മാലിയില്‍ പ്രക്ഷോഭം അരങ്ങേറുകയാണ്.