Kerala
ഇടവേളക്ക് ശേഷം മീന്‍പിടിത്തം; ബേപ്പൂരില്‍ കിളിമീന്‍ കോള്

കോഴിക്കോട് | ട്രോളിംഗും ലോക്ഡൗണും കാലവര്‍ഷക്കെടുതിയും പിന്നിട്ട് കടലിലിറങ്ങിയവര്‍ക്ക് കിളിമീന്‍ കോള്. ബേപ്പൂരില്‍ നിന്ന് ആദ്യമായി കടലിലിറങ്ങിയവര്‍ തിരിച്ചെത്തിയപ്പോഴാണ് കിളിമീന്‍ കിട്ടിയത്. ബേപ്പൂരില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് കിളിമീന്‍ ധാരാളം വലയിലായതെന്നാണ് ബോട്ടുടമകള്‍ പറയുന്നത്. കഴിഞ്ഞ പതിനഞ്ചിന് രാത്രി മത്സ്യം പിടിക്കാനിറങ്ങിയവരാണ് ഇന്നലെ മടങ്ങിയെത്തിയത്.
ജില്ലയിലെ ഏറ്റവും വലിയ ഹാര്‍ബറുകളിലൊന്നായ ബേപ്പൂരില്‍ നിന്ന് ഏകദേശം 170 ബോട്ടുകളാണ് നീണ്ട ഇടവേളക്ക് ശേഷം കടലിലിലേക്ക് പോയിരുന്നത്. ഒരു ശരാശരി ബോട്ടിലെ കിളിമീന്‍ ചാകര സാധാരണഗതിയില്‍ രണ്ടര ലക്ഷം രൂപക്ക് വില്‍ക്കാനുണ്ടാകുമെങ്കിലും പല മാര്‍ക്കറ്റുകളും കൊവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞു കിടക്കുന്നതുകൊണ്ട് മീന്‍ എടുക്കാന്‍ ആളില്ലെന്നാണ് വിവരം. ജില്ലയിലെ ഏറ്റവും വലിയ മത്സ്യവിപണന കേന്ദ്രമായ സെന്‍ട്രല്‍ മാര്‍ക്കറ്റ് അടഞ്ഞു കിടക്കുകയാണ്. ഇത് കാരണം മത്സ്യം മറ്റ് സംസ്ഥാനങ്ങളിലേക്ക് പൊടിയാക്കാന്‍ അയക്കേണ്ടി വരുന്ന അവസ്ഥയാണ്. പുതിയാപ്പിള കോര എന്നറിയപ്പെടുന്ന കിളിമീനാണ് ടൂത്ത് പേസ്റ്റ്, പൗഡര്‍ എന്നിവ ഉണ്ടാക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍, നാട്ടിന്‍പുറങ്ങളില്‍ മത്സ്യം കിട്ടാത്ത അവസ്ഥയുണ്ട്. ഉള്ളവയ്ക്ക് തന്നെ നല്ല വിലയും നല്‍കണം.
കിളിമീന്‍ ചാകര ചെറുകിട വിപണന കേന്ദ്രങ്ങളിലെ വിലയില്‍ ചാഞ്ചാട്ടമുണ്ടാക്കിയിട്ടുണ്ട്. 200 രൂപ വരെ വിലയുണ്ടായിരുന്ന ഈയിനം ഇന്നലെ 100 രൂപക്കാണ് വില്‍പന നടന്നത്. ചെറിയ അയലയും കഴിഞ്ഞ ദിവസം ധാരാളമായി എത്തിയിരുന്നു. ഇവയുടേയും വില കുറഞ്ഞു. കടലില്‍ ഇപ്പോള്‍ കിളിമീന്‍ കിട്ടുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ കൂന്തളിറങ്ങാനാണ് സാധ്യതയെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കൂടാതെ തളയനും ഇറങ്ങാനിടയുണ്ട്.
അതെ സമയം, ട്രോളിംഗ് നിരോധനം അവസാനിച്ചിട്ടും കഴിഞ്ഞ കുറെ ദിവസങ്ങളായി കൊവിഡ് നിയന്ത്രണങ്ങളില്‍ പെട്ടുഴന്ന് കടലില്‍ പോവാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മത്സ്യത്തൊഴിലാളികള്‍. ചോമ്പാല, പുതിയാപ്പ ഹാര്‍ബറുകളില്‍ നിന്നും തൊഴിലാളികള്‍ കഴിഞ്ഞ ദിവസം കടലിലിറങ്ങിത്തുടങ്ങി.