വിവാഹപ്രായം ഇനിയും ഉയര്‍ത്തുകയോ?

ജനസംഖ്യാ നിയന്ത്രണത്തിന് വളഞ്ഞ വഴിയെന്ന നിലയിലാണ് സ്ത്രീകളുടെ വിവാഹപ്രായ നിയമത്തില്‍ സര്‍ക്കാര്‍ വീണ്ടും കൈവെക്കുന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
Posted on: August 18, 2020 7:52 am | Last updated: August 18, 2020 at 10:57 pm

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 74ാം സ്വാതന്ത്ര്യ ദിന പ്രസംഗത്തിലെ മുഖ്യ പരാമര്‍ശങ്ങളിലൊന്ന്. സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനഃപരിശോധിക്കാന്‍ സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമൂഹിക പ്രവര്‍ത്തക ജയ ജെയ്റ്റ്‌ലി അധ്യക്ഷയായ സമിതിയോട് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഏറെ താമസിയാതെ പെണ്‍കുട്ടികളുടെ വിവാഹപ്രായവും ആണ്‍കുട്ടികളുടേതിനു സമാനമായി 21 വയസ്സാക്കുമെന്നുമാണ് വിവരം.

ആണ്‍കുട്ടികളുടെ വിവാഹപ്രായം 21ല്‍ നിന്ന് കുറച്ച് പെണ്‍കുട്ടികളുടേതിനു തുല്യം 18 ആക്കാനായിരുന്നു നേരത്തേ ആലോചന. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 18ന് ചേര്‍ന്ന മന്ത്രിതല യോഗം ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നതാണ്. ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്താനും തീരുമാനമുണ്ടായിരുന്നു. ഈ നീക്കങ്ങളെല്ലാം ഉപേക്ഷിച്ചു കൊണ്ടാണ് ഇപ്പോള്‍ സ്ത്രീകളുടെ വിവാഹ പ്രായപരിധി ഇനിയും വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. മാതൃമരണ നിരക്ക് കുറക്കുക, ഗര്‍ഭകാലത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക തുടങ്ങിയവയാണ് ഇതിനു പറയപ്പെടുന്ന ന്യായീകരണങ്ങള്‍.
സ്ത്രീകള്‍ 18ാം വയസ്സിലോ അതിനു മുമ്പോ വിവാഹിതരാകുന്നത് കൊണ്ടാണോ ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്? 21 വയസ്സിനു ശേഷം വിവാഹിതരാകുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളും പോഷകാഹാരക്കുറവുമൊന്നും അനുഭവപ്പെടാറില്ലേ? ഗര്‍ഭവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ക്ക് കാരണം പ്രായക്കുറവല്ല. ശാരീരിക ശേഷിക്കുറവും

പോഷകാഹാരക്കുറവുമാണ്. അവിഹിത ബന്ധത്തിലൂടെയും മറ്റും പതിനഞ്ചും പതിനാറും വയസ്സില്‍ വിവാഹിതരാകുന്നവര്‍ ധാരാളമുണ്ട് രാജ്യത്ത്. പ്രായക്കൂടുതലുള്ള മാതാക്കളേക്കാള്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഇവരില്‍ കാണപ്പെടുന്നില്ല. ജനസംഖ്യാ നിയന്ത്രണത്തിന് വളഞ്ഞ വഴിയെന്ന നിലയിലാണ് സ്ത്രീകളുടെ വിവാഹപ്രായ നിയമത്തില്‍ സര്‍ക്കാര്‍ വീണ്ടും കൈവെക്കുന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
സ്ത്രീകളുടെ വിവാഹപ്രായം ഇനിയും ഉയര്‍ത്തിയാല്‍ അത് സ്ത്രീകളില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് സാധ്യത. നിലവില്‍ സ്ത്രീകള്‍ക്ക് വിവാഹിതരാകണമെങ്കില്‍ 18 വയസ്സ് വരെ കാത്തുനില്‍ക്കണം. എന്നാല്‍ കൗമാരക്കാരില്‍ നല്ലൊരു ഭാഗവും ലൈംഗികാസ്വാദനത്തിന് അത്രയും കാത്തുനില്‍ക്കുന്നില്ലെന്നാണ് പഠനങ്ങളും റിപ്പോര്‍ട്ടുകളും കാണിക്കുന്നത്. കൗമാരക്കാരില്‍ വലിയൊരു പങ്ക് പതിനഞ്ച് വയസ്സിനു മുമ്പേ ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതായും ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലെന്നുമാണ് 2010ല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു വേണ്ടി ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസും ഇന്ത്യന്‍ പോപ്പുലേഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. ആന്ധ്രപ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിലാണ് രാജ്യത്തെ യുവജനതക്കിടയിലെ ഈ ലൈംഗിക അരാജകത്വം വെളിവായത്. നഗരങ്ങളിലേതിനെക്കാള്‍ ഗ്രാമങ്ങളിലാണ് വിവാഹപൂര്‍വ ലൈംഗിക ബന്ധങ്ങള്‍ അധികം നടക്കുന്നതെന്നും സര്‍വേ പറയുന്നു.

കുട്ടികളുടെ ശരീര വളര്‍ച്ചക്ക് മുമ്പത്തേക്കാള്‍ വേഗത വര്‍ധിക്കുകയും വികാരം വിവേകത്തെ കീഴടക്കുകയും ചെയ്യുന്ന കാലമാണിത്. ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിന്റെ ഫലമായിരിക്കാം പെണ്‍കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ ആര്‍ത്തവകാരികളാകുകയും ശാരീരികമായി നല്ല വളര്‍ച്ച പ്രാപിക്കുകയും ചെയ്യുന്നു. ഇത്തരം കുട്ടികള്‍ കാമദാഹികളുടെ വലയില്‍ അകപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇന്റര്‍നെറ്റിന്റെ ദുരുപയോഗം കൊണ്ടും ദൃശ്യമാധ്യമങ്ങളുടെയും മറ്റും സ്വാധീനം കൊണ്ടും കൗമാരക്കാരികളായ നിരവധി പെണ്‍കുട്ടികള്‍ വഴിതെറ്റുന്നുണ്ട്. അവിഹിത ഗര്‍ഭമായിരിക്കും വഴിവിട്ട ഇത്തരം ബന്ധങ്ങളില്‍ പലതിന്റെയും അനന്തര ഫലം. രാജ്യത്ത് ഗര്‍ഭിണികളാകുന്ന കൗമാരക്കാരുടെ എണ്ണം വര്‍ധിച്ചു വരുന്നതായാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ലൈംഗിക രോഗങ്ങള്‍, വീട്ടുകാരുടെ ശകാരവും കുറ്റപ്പെടുത്തലും, ഒറ്റപ്പെടല്‍, കുറ്റബോധം മൂലമുണ്ടാകുന്ന മനോരോഗങ്ങള്‍, ആത്മഹത്യാ പ്രവണത, ഗര്‍ഭാശയ അണുബാധ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നതായി വൈദ്യശാസ്ത്രവും മനോരോഗ വിദഗ്ധരും പറയുന്നു. പതിനെട്ടെന്നോ ഇരുപത്തൊന്ന് എന്നോ പരിധി വെക്കാതെ, ലൈംഗികമായി പ്രായപൂര്‍ത്തിയെത്തുന്നതോടെ ആണിനും പെണ്ണിനും വിവാഹത്തിന് അനുമതി നല്‍കിയാല്‍ ഗുരുതരമായ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും.

ALSO READ  പരിമിതികളുണ്ട് അഭിപ്രായ സ്വാതന്ത്ര്യത്തിനും

ലൈംഗിക സ്വത്വം വെളിപ്പെടുത്താനുള്ള വ്യക്തികളുടെ അവകാശം മൗലികാവകാശത്തില്‍ പെട്ടതാണെന്ന് സ്വവര്‍ഗരതി സംബന്ധിച്ച വിധിയില്‍ സുപ്രീം കോടതി നിരീക്ഷിക്കുന്നുണ്ട്. എങ്കില്‍ ഒരു വ്യക്തിയില്‍ ലൈംഗിക വികാരമുണര്‍ന്നു കഴിഞ്ഞാല്‍ ന്യായമായ മാര്‍ഗേണ അത് ശമിപ്പിക്കുന്നതും മൗലികാവകാശത്തില്‍ പെട്ടതുതന്നെ. വിവാഹമാണ് അതിനുള്ള ന്യായമായ മാര്‍ഗം. വിവാഹപ്രായം അടിക്കടി ഉയര്‍ത്തുന്ന സര്‍ക്കാര്‍ നിലപാട് ഈ മൗലികാവകാശത്തിന്മേലുള്ള കടന്നു കയറ്റമാണ്. അമേരിക്ക, ഇംഗ്ലണ്ട്, പോളണ്ട്, ജര്‍മനി, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ പല വികസിത രാജ്യങ്ങളിലും വിവാഹപ്രായം 18 ആണ്. സ്‌കോട്ട്‌ലാന്‍ഡില്‍ 16 ആണ് വിവാഹപ്രായം. ഈ രാജ്യങ്ങളൊന്നും തന്നെ ഇതിനു താഴെ പ്രായത്തിലുള്ള എല്ലാ വിവാഹങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുമില്ല. രക്ഷിതാക്കളുടെയോ കോടതിയുടെയോ അനുമതി ഉണ്ടായാല്‍ അതിനു താഴെയുള്ള പ്രായക്കാര്‍ക്കും വിവാഹിതരാകാന്‍ അനുമതി നല്‍കുന്നു. ഈ നിലപാടാണ് കേന്ദ്ര സര്‍ക്കാറും പിന്തുടരേണ്ടത്. വിവാഹപ്രായത്തില്‍ നിലവിലുള്ള നിയമം നിലനിര്‍ത്തുകയോ, കഴിഞ്ഞ വര്‍ഷം വനിതാ ശിശുക്ഷേമ വകുപ്പ് നിര്‍ദേശിച്ചതു പോലെ ആണ്‍കുട്ടികളുടേത് പതിനെട്ടായി കുറക്കുകയോ ചെയ്യണം. ഇതോടൊപ്പം മാതാപിതാക്കളുടെ അനുമതിയുണ്ടെങ്കില്‍ അതിലും കുറഞ്ഞ വയസ്സുള്ളവര്‍ക്കും വിവാഹത്തിന് അനുമതി നല്‍കണം. ഇങ്ങനെ ചെയ്താല്‍ അതായിരിക്കും സമൂഹത്തിന് ഏറെ ഗുണകരവും ലൈംഗിക അരാജകത്വം നിയന്ത്രിക്കാന്‍ സഹായകരവും.