Kerala
സ്വര്‍ണക്കടത്ത്: കോടതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇ ഡി

കൊച്ചി | നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ കോടതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കോടതിയില്‍. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ കരാറുകാരായ യൂനിടാക് എന്ന കമ്പനിയുടെ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിനെ കാണാന്‍ യു എ ഇ കോണ്‍സുല്‍ ജനറല്‍ നിര്‍ദേശിച്ചെന്ന് ഇ ഡി വ്യക്തമാക്കി. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നക്ക് പണം കൈമാറിയ ശേഷമായിരുന്നു ഇത്. സ്വപ്നക്ക് ഒരു കോടി രൂപയാണ് കമ്മീഷനായി നല്‍കിയത്. ഇതിന് ശേഷവും ശിവശങ്കറിനെ കാണാന്‍ എന്തിനാണ് കോണ്‍സുല്‍ ജനറല്‍ നിര്‍ദേശിച്ചത് എന്നത് വിശദമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് ഇ ഡി ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്. ജാമ്യാപേക്ഷയില്‍ തീരുമാനം കോടതി ഈമാസം 21ലേക്കു മാറ്റി.
അതേസമയം, സ്വപ്ന സുരേഷ് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം വിവാഹത്തിന് ശേഷം സൂക്ഷിച്ചതല്ലെന്നും ഇ ഡി വ്യക്തമാക്കി. ഇത്രയും സ്വര്‍ണം വാങ്ങാനുള്ള സാമ്പത്തികശേഷി സ്വപ്നക്കില്ല. പിടിച്ചെടുത്തതെല്ലാം പുതിയ ആഭരണങ്ങളാണ്. സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുള്ളതായി സൂചനയുണ്ട്. കള്ളപ്പണം വെളുപ്പിച്ചു എന്ന കേസുമായി ബന്ധപ്പെട്ട് യാതൊരു തെളിവും എന്‍ഫോഴ്‌സ്‌മെന്റിന്റെ പക്കലില്ല എന്നാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. തന്റെ കക്ഷിക്ക് പണം തന്നവരുടെ പട്ടിക അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട്. ലോക്കറിലെ സ്വര്‍ണവും പണവും തെറ്റായ വഴിയിലൂടെ നേടിയതല്ലെന്നും ഒരു കോടി രൂപ തന്റെ കക്ഷിക്ക് കമ്മീഷനായി തന്നെന്ന് യൂനിടാകും മൊഴി നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു.
600 പവനാണ് സ്വര്‍ണാഭരണമായി തന്റെ പക്കലുള്ളതെന്നും ഇത് മകളുടെ വിവാഹത്തിന് വേണ്ടി സൂക്ഷിച്ചതാണെന്നും സ്വപ്‌ന പറയുന്നു. തനിക്ക് വിവാഹസമയത്ത് കിട്ടിയ സ്വര്‍ണമടക്കം ഇതിലുണ്ട്. അത് എല്ലാ അമ്മമാരും ചെയ്യുന്നതാണ്. എന്നാല്‍ സ്വപ്നയുടെ കുറ്റം തെളിയിക്കാന്‍ കേസ് ഡയറിയില്‍ വേണ്ടത്ര തെളിവുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം.