National
അശോക് ലവാസെ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനം രാജിവെച്ചു

ന്യൂഡൽഹി| അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാകേണ്ടിയിരുന്ന അശോക് ലവാസ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനം രാജിവെച്ചു. ഏഷ്യൻ ഡവലപ്‌മെന്റ് ബേങ്കിന്റെ(എ ഡി ബി) പുതിയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ലവാസെ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്. കമ്മീഷൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷം മാത്രമേ പുതിയ നിയമനം സ്വീകരിക്കാനാകൂ എന്നതിനാലാണിത്. സെപ്തംബറിൽ എ ഡി ബി വൈസ് പ്രസിഡന്റായാണ് സ്ഥാനമേറ്റെടുക്കാനാണ് സാധ്യത.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ സുനിൽ അറോറ 2021 ഏപ്രിലിൽ സ്ഥാനമൊഴിഞ്ഞാൽ ആ പദവി ഏറ്റെടുക്കേണ്ട യാളായിരുന്നു അശോക് ലവാസെ. സേവന കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് സ്ഥാനമൊഴിയുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഇദ്ദേഹം. എ ഡി ബി വൈസ് പ്രസിഡന്റായി ലവാസെയെ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ മാസം 31ന് കാലാവധി തീരുന്ന ദിവാകർ ഗുപ്തയുടെ പിൻഗാമിയായാണ് നിയമനം.