Connect with us

Kerala

നമ്പി നാരായണന്‍ ഇപ്പോഴും ജീവച്ചിരിപ്പുണ്ട്; മാധ്യമവേട്ടക്ക് എതിരെ കെ ടി ജലീല്‍

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍. ലോകത്തുള്ള മുഴുവന്‍ പത്ര ദൃശ്യ മാധ്യമങ്ങളും തല്‍പരകക്ഷികളും ഒരു ചേരിയിലും സത്യം മറുചേരിയിലും നിന്നാല്‍ എങ്ങനെയാണ് സത്യം അസത്യമാവുകയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. മാധ്യമവേട്ടക്കാര്‍ കടിച്ചുകീറിയ നമ്പി നാരായണന്‍ ഇപ്പോഴും അനന്ത പത്മനാഭന്റെ മണ്ണില്‍ ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ഓര്‍മകളുടെ ഭ്രമണപഥം എന്ന നമ്പി നാരായണന്റെ ആത്മകഥയുടെ കവര്‍ പേജോട് കൂടിയാണ് പോസ്റ്റ്.

ഒരു അണുമണിത്തൂക്കം പോലും ഒളിപ്പിച്ചുവെക്കാനില്ലാത്തവന് നുണക്കഥകളില്‍ പൊലിപ്പിച്ച വാര്‍ത്തകള്‍ ആസ്വാദ്യമാവുക സ്വാഭാവികം. മാധ്യമവേട്ടക്കാര്‍ കടിച്ച് വലിച്ച് കുടഞ്ഞ് കീറി മുറിച്ച, നമ്പി നാരായണനെന്ന മനുഷ്യന്‍, അനന്തപത്മനാഭന്റെ മണ്ണില്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ആ സാത്വിക മുഖവും ഋഷിതുല്യമായ ഭാവവും നല്‍കുന്ന കരുത്തിന് കാരിരുമ്പിനെക്കാള്‍ ശക്തിയാണ്.

കോട്ടിട്ടവരും കോട്ടിടാത്തവരും സാമാന്യ മര്യാദയുടെ സര്‍വ്വസീമകളും തകര്‍ത്തെറിഞ്ഞ് തിമര്‍ത്താടുമ്പോള്‍ ഭയപ്പെട്ട് വിറച്ച് നില്‍ക്കുകയല്ല, നെഞ്ചുവിരിച്ച് ശിരസ്സ് കുനിക്കാതെ ഉറച്ച് മുന്നേറുകയാണ് വേണ്ടത്. നമ്പി നാരായണന്റെ “”ഓര്‍മകളുടെ ഭ്രമണപഥം” എന്ന ആത്മകഥ അത്തരമൊരു ചങ്കുറപ്പിന്റെ സന്ദേശമാണ് വായനക്കാര്‍ക്ക് നല്‍കുന്നതെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Latest