Connect with us

Kerala

മുഖ്യമന്ത്രിയും സ്പീക്കറും ആരോഗ്യമന്ത്രി ഉള്‍പ്പെടെ ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും ആരോഗ്യമന്ത്രി കെ കെ ശൈലജ ഉള്‍പ്പെടെ ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. എസി മൊയ്തീന്‍, ഇ ചന്ദ്രശേഖരന്‍, കെ ടി ജലീല്‍, വിഎസ് സുനിൽകുമാർ, ഇ പി ജയരാജൻ,കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ച മറ്റു മന്ത്രിമാര്‍. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും സ്വയം നിരീക്ഷണത്തിലാണ്.

മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ച സാഹചര്യത്തിൽ നാളെ തിരുവനന്തപുരത്ത് നടക്കുന്ന സ്വാതന്ത്ര്യ ദിന ചടങ്ങിൽ മുഖ്യമന്ത്രിക്ക് പകരം കടകംപള്ളി സുരേന്ദ്രനാകും പതാക ഉയർത്തുക. സ്വാതന്ത്ര്യ ദിന ചടങ്ങുകൾ കൊവിഡ് വ്യാപനം കണക്കിലെടുത്ത് പത്ത് മിനുട്ടായി വെട്ടിച്ചുരുക്കിയിരുന്നു.

കരിപ്പൂര്‍ വിമാനപകടത്തെ തുടര്‍ന്ന് അവിടെ സന്ദര്‍ശിച്ചപ്പോള്‍ കലക്ടറുമായും മറ്റു ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിയും മന്ത്രിമാരും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീമിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹവും കരിപ്പൂരില്‍ സജീവമായിരുന്നു. കരിപ്പൂരിൽ ചേർന്ന അവലോകന യോഗത്തിൽ കലക്ടർക്ക് ഒപ്പം പങ്കെടുത്തതാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോകാനിടയാക്കിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിക്ക് ഒപ്പം കരിപ്പൂർ സന്ദർശിച്ചിരുന്നു. അദ്ദേഹം സ്വയം നിരീക്ഷണത്തിലേക്ക് മാറുമോ എന്ന കാര്യത്തിൽ രാജ്ഭവനിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല.

അതിനിടെ, മന്ത്രി എ സി മൊയതീന് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായത് ആശ്വസകരമാണ്. അദ്ദേഹത്തിന്റെ ഗണ്‍മാനും കുടുംബാംഗങ്ങളും പരിശോധനക്ക് വിധേയരായിരുന്നു. അവര്‍ക്കും നെഗറ്റീവാണ് ഫലം.

ഈ മാസം 24ന് നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് മുഖ്യമന്ത്രിയു‌ം നാല് മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കേണ്ട സാഹചര്യമുണ്ടായത്. നിയമസഭാ സമ്മേളനം നീട്ടി വെക്കേണ്ടി വരുമോ എന്ന ആശങ്കയും നിലവിലുണ്ട്. അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തിൽ പോകുന്നത് ഭരണസ്തംഭനം ഉണ്ടാക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഇപ്പോൾ തന്നെ ഫയൽ നീക്കം ഉൾപ്പെടെ എല്ലാം ഒാൺലെെൻ വഴിയായതിനാൽ ഇവർക്ക് നിരീക്ഷണത്തിൽ ഇരുന്ന് തന്നെ ഭരണകാര്യത്തിൽ ശ്രദ്ധീക്കാനാകുമെന്നാണ് കരുതുന്നത്.

മലപ്പുറം സബ് കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍ എന്നിവരുള്‍പ്പെടെ 21 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കരിപ്പൂര്‍ ദുരന്തമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ കലക്ടർക്കൊപ്പം ഇവരും പ്രവർത്തിച്ചിരുന്നു. കരിപ്പൂർ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ നാട്ടുകാർ മുൻകരുതൽ നടപടിയുടെ ഭാഗമായി നേരത്തെ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. കരിപ്പൂരിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരുക്കേറ്റ ഒരാൾക്കും മരിച്ച മറ്റാരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്.

Latest