Connect with us

Kerala

കരിപ്പൂര്‍ ദുരന്തം: അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കരിപ്പൂര്‍ വിമാനദുരന്തത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ആണ് അഞ്ചംഗ അന്വേഷണസമിതിയെ രൂപീകരിച്ചത്. ക്യാപ്റ്റന്‍ എസ്.എസ്.ചഹര്‍ ആണ് സംഘത്തലവന്‍.

അഞ്ച് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് സമിതിക്ക് നല്‍കിയ നിര്‍ദേശം. അപകടവുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ സമിതി വിശദമായി പരിശോധിക്കും. പൈലറ്റിന്റെ പിഴവാണോ മഴയാണോ റണ്‍വേയുടെ പ്രശനമാണ് അപകടകാരണമെന്ന് അന്വേഷണത്തിലൂടെ അറിയാം. ശക്തമായ മഴയില്‍ പൈലറ്റിന് റണ്‍വേ കാണാന്‍ കഴിയാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഡിജിസിഎയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ആഗസ്റ്റ് ഏഴിന് വൈകീട്ട് ഏഴ് മണിക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിംഗ് വിമാനം കരിപ്പൂരില്‍ അപകടത്തില്‍പെട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടായി പിളരുകയായിരുന്നു. സംഭവത്തില്‍ 18 പേര്‍ മരിച്ചു. 83 പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ മൂന്ന് പേര്‍ വെന്റിലേറ്ററിലാണ്. പത്തൊമ്പത് പേരുടെ നില ഗുരുതരമായി തുടരുന്നു. 61 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Latest