ഹാര്‍ട്ട് അറ്റാക്കും ഗ്യാസിന്റെ വേദനയും എങ്ങനെ വേര്‍തിരിച്ചറിയാം

Posted on: August 13, 2020 7:45 pm | Last updated: August 13, 2020 at 7:48 pm

പലരെയും കുഴക്കുന്ന ഒരു പ്രശ്‌നമാണ് ഹാര്‍ട്ട് അറ്റാക്കിന്റെയും ഗ്യാസിന്റെയും വേദന തിരിച്ചറിയാനാകാത്തത്. പലപ്പോഴും ഹൃദയാഘാതം ഗ്യാസിന്റെ വേദനയാണെന്നും നേരേതിരിച്ചും കരുതുന്നത് ജീവന്‍ വരെ നഷ്ടപ്പെടുന്നതിന് കാരണമാകാറുണ്ട്. ഇവ തിരിച്ചറിയാനുള്ള അഞ്ച് വഴികളാണ് താഴെ പറയുന്നത്.

1. ഭക്ഷണം കാരണമാണ് നെഞ്ചിലെ അസ്വസ്ഥതയും വേദനയുമെങ്കില്‍ മുമ്പ് ഇതേ ഭക്ഷണം കഴിക്കുമ്പോള്‍ അത്തരമൊരു അസ്വസ്ഥത ഉണ്ടാകുമായിരുന്നോ എന്നത് ഓര്‍ക്കണം. കഴിച്ച ഭക്ഷണവും അസ്വസ്ഥത തോന്നുന്ന സമയവും പരിശോധിക്കണം. മാത്രമല്ല, മുമ്പ് ഇതേഭക്ഷണം കഴിച്ചപ്പോള്‍ ഉണ്ടായ അസ്വസ്ഥതയില്‍ നിന്ന് ശക്തവും വ്യത്യസ്തവുമായ രീതിയിലാണ് അസ്വസ്ഥതയെങ്കിലും അത് ഗ്യാസായിരിക്കില്ല. മറിച്ച് ഹൃദയാഘാതത്തിന്റെ വേദനയാകാനാണ് സാധ്യത.

2. അസ്വസ്ഥത/ നെഞ്ചെരിച്ചില്‍/ നെഞ്ചുവേദന തുടങ്ങിയവ ക്രമാതീതമായി കൂടിക്കൊണ്ടേയിരിക്കുന്നുണ്ടോയെന്നത് നോക്കണം. മാത്രമല്ല ഈ അസ്വസ്ഥതകള്‍ വയറിലേക്കും പുറംഭാഗത്തേക്കും വ്യാപിക്കുന്നുണ്ടെങ്കില്‍ അത് ഹൃദയാഘാതമാകും.

3. നടക്കുക, കുനിഞ്ഞുനില്‍ക്കുക, ഭാരം പൊക്കുക തുടങ്ങിയ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഈ അസ്വസ്ഥത കൂടുന്നുണ്ടോയെന്ന് പരിശോധിക്കണം. അങ്ങനെയെങ്കില്‍ ആ അസ്വസ്ഥത ഗ്യാസിന്റെതായിരിക്കില്ല.

4. ശരീരം പെട്ടെന്ന് വിയര്‍ക്കുക, കുഴഞ്ഞുപോകുന്ന അവസ്ഥ, കണ്ണില്‍ ഇരുട്ട് കയറുക, തലചുറ്റല്‍, വയറ് പെട്ടെന്ന് വീര്‍ക്കുന്നത് പോലെ തോന്നുക, ശ്വാസം തിങ്ങുക എന്നിവയും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാകും.

5. ഉള്‍ഭയം വരിക. വെറും ടെന്‍ഷനല്ല, മറിച്ച് എന്തോ സംഭവിക്കാന്‍ പോകുകയാണെന്ന ഭയം മനസ്സില്‍ രൂപപ്പെടുന്നതും ഹൃദയാഘാതത്തിന്റെ അടയാളമാണ്.

ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍ അത് ഗ്യാസിന്റെ വേദനയാണെന്ന് തള്ളിക്കളയാതെ വേഗം തന്നെ ചികിത്സ തേടണം. ഹൃദയാഘാതങ്ങള്‍ക്ക് ഒരു മണിക്കൂറിനകം ചികിത്സ ലഭിച്ചാല്‍ ജീവന്‍ രക്ഷിക്കാനാകും.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.സുഹൈല്‍ മുഹമ്മദ് (കാര്‍ഡിയോളജിസ്റ്റ്, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍)